ഡ്രൈവിങ്ങിനിടെ കണ്ണുതുറന്ന് ഉറങ്ങിപ്പോകാറുണ്ടോ? 'ഹൈവേ ഹിപ്നോസിസ്' എന്താണെന്നറിയണം

വാഹനമോടിക്കുന്നതിനിടെ ചെറിയൊരു മയക്കം വരാറുണ്ടോ? കണ്ണുതുറന്നു കൊണ്ട് മുമ്പിലെ കാഴ്ചകളെല്ലാം കണ്ടുകൊണ്ടുതന്നെ ഉറക്കത്തിലേക്ക് വീഴാറുണ്ടോ? അറിയാതെ മയങ്ങി പെട്ടെന്ന് ഞെട്ടിയുണരാറുണ്ടോ? ചെറിയ മയക്കമാണെങ്കിൽ പോലും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതാണ് വാഹനമോടിക്കുമ്പോൾ അറിയാതെ സംഭവിക്കുന്ന ഇത്തരം മയക്കങ്ങൾ. ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഈ പ്രതിഭാസത്തെയാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന് വിളിക്കുന്നത്.

ഹൈവേ ഹിപ്നോസിസിനെ സൂക്ഷിക്കണമെന്ന് ബോധവത്കരണം നൽകിയിരിക്കുകയാണ് പൊലീസ്. ഇത്തരം സാഹചര്യങ്ങളും അതുവഴിയുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാനുള്ള നിർദേശങ്ങളും പൊലീസ് പങ്കുവെച്ച കുറിപ്പിലൂടെ നൽകുന്നുണ്ട്. കുറിപ്പ് വായിക്കാം

വാഹനമോടിക്കുന്നതിനിടയിൽ മയക്കം അനുഭവപ്പെടാറുണ്ടോ? എങ്കിൽ 'ഹൈവേ ഹിപ്നോസിസ്' എന്താണെന്നറിഞ്ഞിരിക്കണം

ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്​നോട്ടിക്​ അവസ്​ഥയാണ്​. ഡ്രൈവിങ്ങിനിടയിൽ നമ്മളറിയാതെ മനസ്സൊരുക്കുന്ന ഒരു 'ഓട്ടോ പൈലറ്റ് മോഡ് ഡ്രൈവിങ്' ആണിത്. യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്​. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന്​ വ്യത്യസ്​തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ്​ നാം ഉറങ്ങുന്നതെന്ന്​ നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല.

നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്​. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്​തരല്ല.​ വളരെ അപകടകരമായ അവസ്​ഥയാണിത്​. ഉയർന്ന വേഗതയിൽ ദാരുണമായ അപകടമായിരിക്കും ഹൈവേ ഹിപ്​നോസിസി​െൻറ ഫലമായി ഉണ്ടാവുക.

റോഡിൽനിന്നു സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കാര്യങ്ങളൊന്നും ദീർഘനേരത്തേക്ക് ഉണ്ടാവുന്നില്ലെങ്കിൽ ഹൈവേ ഹിപ്നോസിസ് നീളുകയും അതു സ്വാഭാവികമായും ഉറക്കത്തിലേക്കും പോകാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഹൈവേകളിൽ പല ഭാഗത്തും റോഡിനു കുറുകേ അടുത്തടുത്തു കുറെ വരകൾപോലെ, റമ്പിൾ സ്ട്രിപ്സ് എന്ന സ്ലീപ്പർ ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ വണ്ടി കടന്നു പോകുമ്പോൾ ചെറിയ കുലുക്കവും ഒച്ചയും ഉണ്ടാകുന്നതിനാൽ ഡ്രൈവർ ഹൈവേ ഹിപ്നോസിസിൽനിന്നോ മയക്കത്തിൽനിന്നോ പുറത്തുവരും.

യാത്രകളിൽ സ്വയം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ

  • ഉറക്കമില്ലായ്മ (ഇൻസോമ്നിയ), സ്ലീപ് അപ്നിയ, ഹൃദയമിടിപ്പിൽ താളപ്പിഴകൾ, തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഹൈവേ ഹിപ്നോസിസിനു സാധ്യത കൂടുതലാണ്. അത്തരത്തിലുള്ളവർ ഉറക്ക സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കുക.
  • ഒറ്റയ്ക്കു രാത്രിയിലുള്ള ദീർഘദൂര യാത്ര ഒഴിവാക്കുക. മറ്റൊരാളോട് സംസാരിച്ചിരുന്നാൽ ഈ പ്രശ്നം രൂപപ്പെടില്ല.
  • ഉറക്കമൊഴിഞ്ഞിരുന്ന ശേഷം ഡ്രൈവ് ചെയ്യരുത്. തുടർച്ചയായുള്ള ഡ്രൈവിങ് ഒഴിവാക്കുക. ഉറക്കം വന്നില്ലെങ്കിൽ പോലും കുറഞ്ഞത് രണ്ടു മണിക്കൂറിലൊരിക്കലെങ്കിലും ഇടവേള എടുക്കുക.
  • കോഫി, ചായപോലുള്ളവ ഇടയ്ക്കു കുടിക്കുന്നത് ജാഗ്രത നില നിർത്തും. ശരീരത്തിൽ ജലാംശം കുറയുന്നത് ഹൈവേ ഹിപ്നോസിസ് സാധ്യത കൂട്ടും. അതിനാൽ വേണ്ടത്ര വെള്ളം കുടിക്കുക. ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഇറങ്ങുന്നതും നല്ലത്.
  • ഡ്രൈവിങ്ങിനിടയിൽ ശരിയായ ശരീരനില (Posture) പുലർത്തുക. സുഖകരമായ ഇരിപ്പിനായി കൂടുതലായി പിന്നിലേക്കു ചാഞ്ഞിരുന്ന് ഡ്രൈവ് ചെയ്യരുത്.
  • ആവശ്യമുണ്ടെന്നു തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ റിയർ വ്യൂ മിററുകളിലൂെട പിന്നിലെ കാഴ്ചകളും ശ്രദ്ധിക്കുക. ശ്രദ്ധ അടിക്കടി മാറ്റുന്നത് ഹൈവേ ഹിപ്നോസിസ് കുറയ്ക്കും
  • യാത്രയ്ക്കു മുൻപ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, മദ്യം ഒഴിവാക്കുക.
  • ഉറങ്ങുന്നതിനു മുൻപ് പാട്ടു കേട്ടു ശീലിച്ചവർ അത്തരം പാട്ടുകളെ ഒരു കാരണവശാലും വാഹനത്തിൽ കേൾക്കാൻ ഉപയോഗിക്കരുത്. സാധാരണ കേൾക്കുന്ന സംഗീതത്തിൽ നിന്നു വ്യത്യസ്തമായവ, പുതിയവ എന്നിവ മാത്രമേ രാത്രിയാത്രയിൽ ഉപയോഗിക്കാവൂ.
Tags:    
News Summary - Do you fall asleep while driving? know about 'Highway Hypnosis'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.