കോഴിക്കോട്: അതിജാഗ്രതയിലൂടെയും അതിലുപരി ചിട്ടയായ പ്രതിരോധമൊരുക്കിയും നിപയെ അതിജീവിച്ചവരാണ് കോഴിക്കോട്ടുകാർ. അതുതന്നെയാണ് വീണ്ടുമൊരു പോരാട്ടം ആരംഭിക്കുമ്പോൾ ആരോഗ്യവകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും കൈമുതലും ആത്മവിശ്വാസവും. വൈറസ് ബാധിച്ച കോഴിക്കോട്ടെ നഴ്സിങ് വിദ്യാർഥിനിയെയും മലപ്പുറത്തെ യുവാവിനെയുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കൊടുവിൽ അന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. മാത്രവുമല്ല, രണ്ടാം വരവിനെയടക്കം പെട്ടെന്ന് സംവിധാനങ്ങളൊരുക്കി വ്യാപനം തടയാനായതും ഈ രംഗത്തെ പരിചയസമ്പത്തും മുതൽക്കൂട്ടാണ്. ഇതൊക്കെയാണെങ്കിലും തുടക്കത്തിലേ അതിജാഗ്രത പാലിച്ചാൽ മാത്രമേ, മൂന്നാമതുമെത്തിയ നിപയെ ഉറവിടത്തിൽതന്നെ ഉന്മൂലനം ചെയ്യാനാവൂ എന്നാണ് അധികൃതർ പറയുന്നത്.
2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി പേരാമ്പ്രയിലെ സൂപ്പിക്കടയിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. കടുത്ത പനിയെ തുടർന്ന് ഒരാളെ പേരാമ്പ്ര ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവിടങ്ങളിൽനിന്ന് രോഗം മറ്റുള്ളവരിലേക്ക് പടർന്നു. ഇങ്ങനെയാണ് ഇരുപതോളം പേർക്ക് വൈറസ് ബാധയുണ്ടായതും രണ്ടുപേരൊഴികെ, നഴ്സ് ലിനിയടക്കം മരിക്കുകയും ചെയ്തത്. പിന്നീട് 2019ൽ എറണാകുളത്ത് രോഗം റിപ്പോർട്ട് ചെയ്തെങ്കിലും പെട്ടെന്ന് ശമനമുണ്ടാക്കാനായി. തുടർന്ന് 2021 സെപ്റ്റംബറിൽ ചാത്തമംഗലം പഞ്ചായത്തിലും വൈറസ് ബാധയുണ്ടായി 12കാരൻ മരിച്ചു.
രോഗം പരത്തുന്ന അവസ്ഥയിലേക്ക് ഒരാൾ എത്തുമ്പോഴേക്കും അയാൾ എഴുന്നേറ്റ് നടക്കാനാവാതെ കിടപ്പിലാവുമെന്നതിനാൽ വഴിയിൽനിന്നെല്ലാം രോഗം പടരുമെന്ന ഭയം വേണ്ടെന്നാണ് കേരളത്തിലെ നിപ പോരാട്ടത്തിന് മുൻനിരയിൽനിന്ന് പ്രവർത്തിച്ച മണിപ്പാൽ ദേശീയ വൈറസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. ജി. അരുൺകുമാർ അന്നേ വ്യക്തമാക്കിയത്. വൈറസ് ബാധിതനിൽ രേഗലക്ഷണങ്ങൾ ഗുരുതരമാവുമ്പോഴും രോഗം സ്ഥിരീകരിച്ചതിനുശേഷവും മാത്രമാണ് രോഗപ്പകർച്ച ഉണ്ടാകുക.
രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്കേ രോഗം വരൂ. രോഗി തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ പുറത്തുവരുന്ന ഉമിനീർ കണികവഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് എത്തുക. അതിനാലാണ് മാസ്ക് ഉപയോഗിക്കാൻ ആവശ്യപ്പെടുന്നത്. കോവിഡിന്റെ അത്രകണ്ട് വ്യാപന ശേഷിയുള്ള രോഗമല്ല നിപയെങ്കിലും മരണസാധ്യത കൂടുതലാണ്. നിപ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്. അവിടെ പന്നിയിൽനിന്നാണ് വൈറസ് മനുഷ്യരിലേക്കെത്തിയത്. പിന്നീട് സിംഗപ്പൂരിലും ബംഗ്ലാദേശിലുമെത്തി. ഇന്ത്യയിൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ 2001ൽ രോഗം വന്നെങ്കിലും 2004ലാണ് നിപയെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ രോഗമെത്തി രണ്ടാമത്തെ കേസിൽതന്നെ സ്ഥിരീകരണം ഉണ്ടായതാണ് വ്യാപനം പെട്ടെന്ന് തടയുന്നതിൽ നേട്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.