കൊച്ചി: വാഹനനിര നൂറു മീറ്ററിലേറെ നീണ്ടാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗ നിർദേശം നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈകോടതി. തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ കടത്തി വിടാൻ വൈകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നാരോപിച്ച് പാലക്കാട് സ്വദേശി നിതിൻ രാമകൃഷ്ണൻ നൽകിയ അപ്പീലിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
തിരക്കുള്ള സമയത്ത് ടോൾ പ്ലാസയിൽ വാഹനങ്ങൾ കെട്ടിക്കിടക്കേണ്ടി വരുന്നതായി ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യ പുരോഗമിച്ച പുതിയ കാലത്ത് ഇതിലെല്ലാം മാറ്റം വരേണ്ടതുണ്ടെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് ദേശീയ പാത അതോറിറ്റിയുടെ 2021 മേയ് 24 ലെ മാർഗ നിർദേശം പരിഗണിക്കാൻ നിർദേശിച്ചത്. വാഹനങ്ങളുടെ നിര നൂറു മീറ്ററിനുള്ളിലെത്തുന്നതുവരെ വണ്ടികൾ കടത്തി വിടണമെന്നും ടോൾ പ്ലാസയിൽ നൂറു മീറ്റർ ദൂരത്തിൽ മഞ്ഞവരയിടണമെന്നും വ്യവസ്ഥകൾ ടോൾ പ്ലാസയിൽ പ്രദർശിപ്പിക്കണമെന്നും മാർഗ നിർദേശത്തിലുണ്ട്. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.