തിരുവനന്തപുരം: സുപ്രീംകോടതി വിധിയിലൂടെ വി.സി നിയമനം റദ്ദായ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ സർക്കാർ ശിപാർശ തള്ളി ഡോ. സിസ തോമസിന് വി.സിയുടെ ചുമതല നൽകി ചാൻസലറായ ഗവർണറുടെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയന്റ് ഡയറക്ടറാണ് സിസ തോമസ്.
വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി വ്യവസ്ഥകൾ പാലിച്ചല്ലെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പകരം ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകാൻ സർക്കാർ ഗവർണർക്ക് ശിപാർശ നൽകിയിരുന്നു. എന്നാൽ, ഡിജിറ്റൽ സർവകലാശാല വി.സിക്ക് കൂടി ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും സർക്കാർ ശിപാർശ തള്ളുകയും ചെയ്തിരുന്നു.
തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് വി.സിയുടെ ചുമതല നൽകാൻ കഴിഞ്ഞ ശനിയാഴ്ച സർക്കാർ ശിപാർശ സമർപ്പിച്ചു. ഇതിനിടെ സർക്കാർ എൻജിനീയറിങ് കോളജുകളിലെ സീനിയർ പ്രഫസർമാരുടെ പട്ടിക രാജ്ഭവൻ ശേഖരിച്ചു. സർക്കാർ ശിപാർശ തള്ളിയ ഗവർണർ സീനിയർ പ്രഫസർമാരുടെ പട്ടികയിൽ ഉൾപ്പെട്ട സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നൽകുകയായിരുന്നു.
സീനിയർ ജോയന്റ് ഡയറക്ടറുടെ ചുമതലക്ക് പുറമെയാണ് വി.സിയുടെ ചുമതല.
2018ലെ യു.ജി.സി റെഗുലേഷൻ 7.3 വ്യവസ്ഥ പ്രകാരമാണ് വി.സിയുടെ ചുമതല നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, വി.സിയുടെ ചുമതല നൽകിയ ഗവർണറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.