ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരോട് െഎക്യത്തിൽ കഴിയാനും അക്രമം നിരാകരിക്കാനും ആവശ്യപ്പെടുന്നതാണ് ഡോ. കഫീൽ ഖാൻ അലിഗഡിൽ നടത്തിയ പ്രസംഗമെന്ന് അലഹബാദ് ഹൈകോടതി. കഫീലിനെ ഉടൻ മോചിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് നിർദേശിച്ച ഉത്തരവിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ദേശ സുരക്ഷ നിയമം (എൻ.എസ്.എ) ചുമത്തിയത് ശരിവെച്ച ജില്ലാ മജിസ്‌ട്രേറ്റ്, കഫീലിെൻറ പ്രസംഗത്തിെൻറ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കാതെ, ചില വാക്യങ്ങൾ മാത്രം മുറിച്ചെടുത്താണ് പരിഗണിച്ചതെന്ന് തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സൗമിത്ര ദയാൽ സിങ്ങും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
''കഫീൽഖാെൻറ പ്രസംഗത്തിൽ വിദ്വേഷത്തെയോ അക്രമത്തെയോ പ്രോത്സാഹിപ്പിക്കുന്ന ഒരു പരാമർശവുമില്ല. പകരം, രാജ്യത്തിെൻറ സമഗ്രതക്കും പൗരന്മാർക്കിടയിൽ ഐക്യത്തിനും ആഹ്വാനം നൽകുന്നു. എല്ലാതരത്തിലുള്ള അക്രമത്തെ നിരാകരിക്കുന്നു. ജില്ലാ മജിസ്‌ട്രേറ്റ് പ്രസംഗത്തിെൻറ യഥാർഥ ഉദ്ദേശ്യം പരിഗണിക്കാതെ, ചില വാക്യങ്ങൾ മാത്രം മുറിച്ചെടുത്താണ് പരിഗണിച്ചതെന്ന് തോന്നുന്നു'' -വിധിപ്രസ്താവത്തിൽ വിവരിച്ചു.
2019 ഡിസംബർ 13ന് അലിഗഡ് മുസ്ലിം സർവകലാശാലയിൽ സി.എ.എ വിരുദ്ധ സമരത്തിൽ ഡോ. കഫീൽ ഖാൻ നടത്തിയ പ്രസംഗത്തിെൻറ പേരിലായിരുന്നു ദേശീയ സുരക്ഷാ നിയമപ്രകാരം കഫീലിനെ ഏഴുമാസം തടവിലിട്ടത്. ഇതിനെതിരെ മാതാവ് നുസ്ഹത്ത് പർവീനാണ് മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപസ് ഹരജിയുമായി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. ഇൗ ഹരജി തീർപ്പാക്കവെയാണ് കഫീൽഖാനുമേൽ ചുമത്തിയ എൻ.എസ്.എ കുറ്റം നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ഉത്തർപ്രദേശ് സർക്കാറിനോട് ഹൈകോടതി നിർദേശിച്ചത്.
"പ്രസംഗത്തിൽ കഫീൽ സർക്കാർ നയങ്ങളെ എതിർക്കുന്നുണ്ട്. എന്നാൽ, അതിെൻറ പേരിൽ തടങ്കലിലിടാൻ കഴിയില്ല. പ്രസംഗം പൂർണമായി കേട്ടാൽ വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഒരു പരാമർശവും അതിൽ കണ്ടെത്താനാവില്ല. അലിഗഡിെൻറ സമാധാനത്തിനും ശാന്തിക്കും ഭീഷണിയാകുന്ന ഒന്നും അതിലില്ല. രാജ്യത്തിെൻറ സമഗ്രതയ്ക്കും പൗരന്മാർക്കിടയിൽ ഐക്യത്തിനും ആഹ്വാനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. എല്ലാതരത്തിലുമുള്ള അക്രമങ്ങളെ നിരാകരിക്കുന്നു -ഖാെൻറ പ്രസംഗം പൂർണമായും കേട്ട ശേഷം ബെഞ്ച് നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.