പാലക്കാട്: അട്ടപ്പാടിയിൽ സർക്കാറിനൊപ്പം നിൽക്കേണ്ടവരാണ് പദ്ധതികൾക്ക് തുരങ്കം െവച്ചതെന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസ്. സ്ഥാപനത്തെ നശിപ്പിക്കാൻ നോക്കിയവരെ കണ്ടെത്തണം. താൻ സർക്കാർ സംവിധാനത്തിെൻറ ഭാഗമാണ്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രി പ്രവർത്തനവും വിവിധ കേന്ദ്രങ്ങളുടെ ഇടപെടലുകളുമടക്കം വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രിയെ നല്ല നിലയിേലക്കുയർത്താൻ ശ്രമിച്ചപ്പോഴുണ്ടായതാണ് തനിക്കെതിരായ ആരോപണങ്ങൾ. താൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്കെല്ലാം പൂച്ചെണ്ട് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. അട്ടപ്പാടിയിൽനിന്ന് ഒന്നും കൊണ്ടുപോയിട്ടില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാനാവും. ഇത്തരം കല്ലേറുകൾ പ്രതീക്ഷിച്ച് തന്നെയാണ് ജോലിക്ക് വന്നത്. തലകുനിക്കാതെ അഭിമാനത്തോടെയാണ് അടുത്ത സ്ഥലത്തേക്ക് നീങ്ങുന്നത്.
അട്ടപ്പാടിയിൽ താനെത്തുന്ന കാലത്ത് നല്ലൊരു ചികിത്സ സംവിധാനമുണ്ടായിരുന്നില്ല. ഇന്നീ കാണുന്ന നിലയിലേക്ക് അതിനെ വളർത്തിയതിൽ കാര്യമായ സംഭാവന നൽകാനായിട്ടുണ്ട്. ആശുപത്രി നന്നാക്കിയതിന് താൻ കുറ്റക്കാരനാണെങ്കിൽ ആ ശിക്ഷ ഏറ്റെടുക്കാൻ തയാറാണെന്നും ഡോ. പ്രഭുദാസ് പറഞ്ഞു.
ഡോ. പ്രഭുദാസിനെ വെള്ളിയാഴ്ച വൈകീേട്ടാടെയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിന് പിന്നാലെ വിമർശനവുമായി ഡോ. പ്രഭുദാസ് രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് അട്ടപ്പാടി നോഡല്‍ ഓഫിസറായ തന്നെ ബോധപൂര്‍വം മാറ്റി നിര്‍ത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് തടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും ഡോ. പ്രഭുദാസ് പറഞ്ഞിരുന്നു.
ശനിയാഴ്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയ ഡോ. പ്രഭുദാസ് സ്ഥാനമേറ്റെടുത്തു. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൽ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.