കൊച്ചി: രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനാപരമായ ജനാധിപത്യ വ്യവസ്ഥിതി ഇനിയുള്ള 25 വര്‍ഷത്തിന് അപ്പുറം കൂടുതല്‍ ശോഭനമാക്കുവാന്‍ നമ്മുടെ യുവതലമുറയ്ക്ക് സാധിക്കണമെന്ന് കnക്ടര്‍ ഡോ.രേണുരാജ്. എറണാകുളം മഹാരാജാസ് കോളജില്‍ ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഇലക്ഷന്‍ വിഭാഗം സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍.
ഏറ്റവും അത്യാവശ്യമായ ഘട്ടങ്ങളില്‍ സമൂഹത്തെ മുന്നോട്ടു കൈപിടിച്ചു നടത്തുന്നതും അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതും മാതൃകയാകുന്നതും നമ്മുടെ യുവതലമുറയാണ്. പ്രളയം, കോവിഡ് പോലുള്ള സാഹചര്യങ്ങളില്‍ ഇതു യുവതലമുറ തെളിയിച്ചതാണ്. രാജ്യത്തിന്റെ ഭരണഘടനാപരമായ തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക നിര്‍മ്മാണവും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കേണ്ടതും രാജ്യത്തെ സഹായിക്കേണ്ടവരും നമ്മുടെ യുവതലമുറയാണെന്നും കലക്ടര്‍ പറഞ്ഞു.
വോട്ടവകാശമുള്ള 25 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് 18 വയസിനോട് അനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളത്. ഇനിയും പേര് ചേര്‍ക്കാനുള്ളവര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് ഒരാളുടെ വോട്ട് മറ്റൊരാള്‍ ചെയ്യുന്നത്. ഇതിനു പരിഹാരമായി നമ്മുടെ വോട്ടര്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് ഒരു വോട്ട് എന്ന തത്വത്തിലേക്ക് എത്തിച്ചേരാന്‍ നമ്മുക്ക് സാധിക്കും. അതിനാല്‍ എല്ലാവരും നിര്‍ബന്ധമായും വോട്ടര്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
മഹാരാജാസ് കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍കുമാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും കണയന്നൂര്‍ തഹസില്‍ദാറുമായ രഞ്ജിത്ത് ജോര്‍ജ്, ജില്ലാ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.