ദൃഷാനയെ ഇടിച്ച കാർ ഒടുവിൽ പിടികൂടി; തുമ്പായത് ഇൻഷുറൻസ് ക്ലെയിം കേന്ദ്രീകരിച്ചുള്ള പരിശോധന

കോഴിക്കോട്: ഒമ്പതു വയസ്സുകാരിയായ ദൃഷാനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ഒമ്പതര മാസത്തിന് ശേഷം പൊലീസ് പിടികൂടി. പുറമേരി സ്വദേശി ഷജീൽ എന്നയാൾ ഓടിച്ച കെ.എൽ. 18 ആർ 1846 വെള്ള സ്വിഫ്റ്റ് കാർ ആണ് അപകടം വരുത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച ഷജീൽ പിന്നീട് യു.എ.യിലേക്ക് കടന്നു. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി വടകര റൂറൽ എസ്.പി നിധിൻ രാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഷജീൽ കുടുംബവുമായി സഞ്ചരിക്കവേയാണ് കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62)യെയും ഇടിച്ചിട്ടത്. അപകടത്തിൽ ബേബി മരിച്ചു. ഈ വർഷം ഫെബ്രുവരി 17ന് നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിൽ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നടത്തിയത് വിശദമായ അന്വേഷണം

ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘമാണ് കേസ് അ​ന്വേഷിച്ചത്. അപകടം നടന്നതിന്റെ 40 കി.മീ ചുറ്റളവിലെ സി.സി.ടി.വി ദൃശ്യങ്ങൾ ​ഫെബ്രുവരിയിൽ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയി​ലെ 500 വർക്​ ഷോപ്പുകൾ കേ​ന്ദ്രീകരിച്ചും പരിശോധന നടത്തി. 50,000 കോൾ ഡിറ്ററയിൽസ് പരിശോധിച്ചു. മാരുതി സ്വിഫ്റ്റ് കാറാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 19,000 വാഹന രജിസ്ട്രേഷനുകളും പരിശോധിച്ചു. വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഇൻഷുറൻസ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ വിവിധ ക്ലെയിമുകളും പരിശോധിച്ചു. ഒടുവിൽ 2024 മാർച്ചിൽ മതിലിലിടിച്ചു എന്ന​ പേരിൽ ഒരു സ്വിഫ്റ്റ് കാർ ക്ലെയിം ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം ഇതുതന്നെയാണെന്ന് സ്ഥിരീകരിച്ചത്.

സംഭവദിവസം ഈ വാഹനം വടകര -തലശ്ശേരി റോഡിൽ ഈ വണ്ടി യാത്ര ​പോയിരുന്നതായും കണ്ടെത്തി. അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിൽ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62)യെയും ഇടിച്ചിട്ട് കാർ കടന്നുപോവുകയായിരുന്നു. അപകടത്തിൽ അമ്മൂമ്മ മരണപ്പെട്ടു. വെള്ളനിറത്തിലുള്ള കാറാണ് ഇവരെ ഇടിച്ചുവീഴ്ത്തിയത്.

ആദ്യം വടകര പോലീസും പിന്നെ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. വിഷയത്തിൽ ഹൈകോടതിയും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിരുന്നു. സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്താത്ത പൊലീസിന്റെപേരിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. 

Tags:    
News Summary - Drishana Hit and Run car finally caught by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.