ആനക്കര (പാലക്കാട്): എ.കെ.ജിക്കെതിരെ വി.ടി. ബൽറാം എം.എൽ.എ വിവാദപരാമർശമടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരെ സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ ബുധനാഴ്ച രാവിലെ എം.എൽ.എ പങ്കെടുത്ത ചടങ്ങിന് സമീപമാണ് കോൺഗ്രസ്-സി.പി.എം സംഘർഷമുണ്ടായത്. എം.എൽ.എക്കുനേരെ ചീമുട്ടയും തക്കാളിയും എറിഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ജില്ല പഞ്ചായത്തംഗം അബ്ദുൽകരീം ഉൾെപ്പടെ ഇരുഭാഗത്തും നിരവധിപേർക്കും കല്ലേറിൽ പട്ടാമ്പി എസ്.ഐ സൂരജ് ഉൾെപ്പടെ നിരവധി പൊലീസുകാർക്കും പരിക്കേറ്റു.
കാഞ്ഞിരത്താണിയിലെ സ്വകാര്യ ലബോറട്ടറിയുടെ ഉദ്ഘാടനത്തിൽ സംബന്ധിക്കാനാണ് എം.എൽ.എ എത്തിയത്. ബൽറാമിെൻറ പൊതുപരിപാടികൾ ബഹിഷ്കരിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നതിനാൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി തമ്പടിച്ചു. എം.എൽ.എ ചടങ്ങിലേക്ക് കയറവെ പ്രതിഷേധമുയർന്നപ്പോൾ എതിർപ്പുമായി കോൺഗ്രസ് പ്രവർത്തകരുമെത്തി. ഇതോടെ ഇരുചേരിയിൽനിന്നും കല്ലേറുണ്ടായി. എം.എൽ.എയുടെ കാറിെൻറ ഗ്ലാസ് തകർന്നു. ചില മാധ്യമപ്രവർത്തകർക്കും കല്ലേറ് കിട്ടി.
പൊലീസ് വാഹനത്തിന് മുകളിൽ കയറിനിന്നാണ് ഒരു പ്രവർത്തകൻ കല്ലെറിഞ്ഞത്. സംഘർഷം മൂർച്ഛിച്ചതോടെ കടകൾ അടച്ചു. പരിക്കേറ്റവരെ ആംബുലൻസിലും മറ്റും ആശുപത്രികളിലെത്തിച്ചു. കൂടുതൽ പൊലീസെത്തിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. കോൺഗ്രസ് പ്രവർത്തകരായ പ്രദീപ്, ബഷീർ എന്നിവരെ ചാലിശ്ശേരി, എടപ്പാൾ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 15ലേറെ സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. ഒരാളെ തൃശൂരിലെ ആശുപത്രിയിലും മറ്റുള്ളവരെ കൂറ്റനാെട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസുകാരായ അജിത്ത് തൃത്താല, അനന്തകുമാർ ചാലിശ്ശേരി, ഷിജിത്ത്, ജയകുമാർ, ഷംഫീർ, ധർമേഷ്, ശിവരാമൻ തുടങ്ങിയവർക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
എ.കെ.ജി വിവാദത്തിന് ശേഷം ബൽറാം പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. മുൻനിശ്ചയിച്ച പ്രകാരം ഉദ്ഘാടനത്തിൽ പങ്കെടുത്ത ശേഷമാണ് ബൽറാം മടങ്ങിപോയത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.