തൃശൂര്‍: നവതിയിലെത്തിയ കേരള കലാമണ്ഡലത്തിൽ നടപ്പാക്കിയ കമ്പ്യൂട്ടർവത്കരണ പദ്ധതി ‘ഇ-കാമ്പസി’ൽ ക്രമക്കേടെന്ന് റിപ്പോർട്ട്. ഓഫിസ് ഓട്ടോമേഷന്‍ സംവിധാനത്തിനും നെറ്റ്വർക്ക് സര്വെയ്ലൻസിനുമായി അഞ്ച് കോടിയോളം രൂപ ചെലവഴിച്ചെങ്കിലും പദ്ധതി പ്രവർത്തനക്ഷമമല്ലെന്നാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് സൊസൈറ്റിയുടെ ഐ.ടി വിഭാഗമാണ് പ്രവൃത്തികൾ നിർവഹിച്ചത്. സാഹിത്യവിമര്‍ശം എഡിറ്റർ സി.കെ. ആനന്ദന്‍പിള്ള വിവരാവകാശപ്രകാരം ശേഖരിച്ച രേഖകളിലാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
കലാമണ്ഡലം കല്പിത സർവകലാശാലയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്നതാണ് ഇ-കാമ്പസ് പദ്ധതിയെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. കലാമണ്ഡലത്തിന്റെ ഓഫിസ് സംവിധാനം കമ്പ്യൂട്ടര്‍വത്കരിക്കാനും അനുബന്ധ സോഫറ്റ്വെയറുകള്‍ തയാറാക്കുന്നതിനുമുള്ള പദ്ധതി രേഖക്ക് സർക്കാർ കണ്ണടച്ച് അനുമതി നൽകി. ഇതിനായി 2019 നവംബര്‍ ഏഴിന് ഊരാളുങ്കല്‍ സൊസൈറ്റിയും കലാമണ്ഡലവും കരാറിലേര്‍പ്പെട്ടു. നിലവില്‍ അപ്ലിക്കേഷൻ ഫീസും സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷകളും കോളജിലെത്തി നേരിട്ട് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെ ഓൺലൈൻ ആക്കാനായിരുന്നു പദ്ധതി. എട്ട് തവണയായി 4.88 കോടി രൂപയാണ് സൊസൈറ്റിക്ക് കൈമാറിയത്. എന്നാൽ, കമ്പ്യൂട്ടറൈസേഷന് സംവിധാനം ഇപ്പോഴും അനക്കമറ്റ നിലയിലാണെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2021ലാണ് അവസാന ഗഡു നൽകിയത്.
2022-23 വര്‍ഷത്തിലും സോഫ്റ്റ് വെയറിനും നെറ്റ്വര്ക്കിനുമായി തുക നീക്കിവെക്കണമെന്ന ശിപാര്‍ശയും ഭരണസമിതി നടത്തിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്ന് ഓഡിറ്റ് തടസ്സമുന്നയിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ വി.സി ഡോ.ടി.കെ. നാരായണനും മുന്‍ രജിസ്ട്രാർ ഡോ.ആര്.കെ. ജയപ്രകാശുമാണ് ഭരണസമിതിക്ക് വേണ്ടി കരാറില്‍ ഒപ്പുവെച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.