കൊച്ചി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. ട്യൂണ മത്സ്യകയറ്റുമതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എം.പിക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യംചെയ്യൽ. അഭിഭാഷകനോടൊപ്പമാണ് എം.പി ബുധനാഴ്ച രാവിലെ ഇ.ഡി ഓഫിസിലെത്തിയത്.
രണ്ടുവർഷം മുമ്പ് ഉയർന്നുവന്ന അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ലക്ഷദ്വീപ് മാർക്കറ്റിങ് ഫെഡറേഷനിലൂടെ ട്യൂണ മത്സ്യം കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കോടികളുടെ അഴിമതിയുണ്ടെന്നും കൃത്യമായ കണക്കുകളില്ലെന്നുമായിരുന്നു ആരോപണം. വിഷയത്തിൽ സി.ബി.ഐ സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് അഴിമതി നടത്തിയെന്നാണ് സി.ബി.ഐ കേസ്. പ്രാദേശിക മത്സ്യത്തൊഴിലാളികളിൽനിന്ന് ലക്ഷദ്വീപ് കോഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ വഴി ശേഖരിക്കുന്ന മത്സ്യം ശ്രീലങ്ക ആസ്ഥാനമായ കമ്പനിക്ക് മറിച്ചുവിൽക്കുകയായിരുന്നു. ലക്ഷദ്വീപ് കോഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷന് കമ്പനി പണമൊന്നും നൽകിയിരുന്നില്ലെന്ന് ആക്ഷേപമുണ്ടായി. ഇത് എൽ.സി.എം.എഫിനും മത്സ്യത്തൊഴിലാളികൾക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.