തൃശൂർ: 100 കോടിയുടെ ഹവാലകടത്ത് കേസിൽ ഇ.ഡി അന്വേഷണം നടക്കുന്നതിനിടെ മുങ്ങിയ ഹൈറിച്ച് ദമ്പതികളെ പിടികൂടാൻ പൊലീസ് സഹായം തേടി ഇ.ഡി. പ്രതികളെ പിടികൂടാൻ സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദേശം നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെട്ടു. ഓൺലൈൻ മണിചെയിൻ കമ്പനിയായ ‘ഹൈറിച്ച്’ എം.ഡി കെ.ഡി. പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒയുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവരാണ് ഇ.ഡിയെ വെട്ടിച്ച് രക്ഷപ്പെട്ടത്.
കണിമംഗലം വലിയാലുക്കലിലെ പ്രതാപന്റെ വീട്ടിലും ചേർപ്പ് വല്ലച്ചിറ ഞെരുവിശേരിയിലെ ഹൈ റിച്ച് കമ്പനി ആസ്ഥാനത്തുമായിരുന്നു ഇന്നലെ രാവിലെ പത്തോടെ ഇ.ഡി റെയ്ഡിനെത്തിയത്. അതീവ രഹസ്യമായാണു റെയ്ഡ് ആസൂത്രണം ചെയ്തതെങ്കിലും വിവരം ചോർന്നു. ഇതോടെ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ഡ്രൈവർക്കൊപ്പം മുങ്ങുകയായിരുന്നു.
ചേർപ്പ് പൊലീസ് ഇ.ഡി നീക്കം ചോർത്തി നൽകി പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. ഹൈറിച്ച് തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപതട്ടിപ്പാണെന്നും പ്രതികൾക്ക് രക്ഷപെടാൻ അവസരം നൽകിയ തൃശ്ശൂർ റൂറൽ പൊലീസിന്റെ നടപടികൾ അന്വേഷണ വിധേയമാക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
‘‘കേരളത്തിൽ ഇതരത്തിൽ എഴുപതിൽ അധികം കമ്പനികൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അതിൽ തൃശ്ശൂരിൽ മാത്രം 14കമ്പനികളുണ്ട്. പൊലീസാണ് ഇതിൽ യഥാർഥ പ്രതി. ചേർപ്പ് പൊലീസിന് പാർട്ണർഷിപ് ഉണ്ട് എന്ന് പറയാവുന്ന തരത്തിലാണ് അവരുമായുള്ള ബന്ധം. കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പാണ് ഹൈറിച്ചുമായി ബന്ധപ്പെട്ടുള്ളത്. കേരള പൊലീസിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഈ കമ്പനി ഇങ്ങനെ വളർന്നു പന്തലിക്കാൻ കാരണമായത്. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ ഇതിനെ 1600 കോടി രൂപയുടെ തട്ടിപ്പിലേക്കു കൊണ്ടുപോയത് ചേർപ്പ് പൊലീസിന്റെ നിരുത്തരവാദപരമായ സമീപനം തന്നെയാണ്.’’ - അനിൽ അക്കര ആരോപിച്ചു.
ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി പരിശോധന. തൃശൂർ ആസ്ഥാനമായ ‘ഹൈറിച്ച്’ കമ്പനി 1630 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് നേരത്തെ ചേർപ്പ് പൊലീസ് തൃശൂർ കോടതിയിൽ നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിച്ചെയിൻ തട്ടിപ്പാണ് നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറൻസി ഇടപാടടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി വകുപ്പ് കണ്ടെത്തിയിരുന്നു. സംസ്ഥാന ജി.എസ്.ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിലൊന്നാണിത്. കേസിൽ കമ്പനി ഉടമ പ്രതാപനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യം നേടി.
പിന്നാലെ കമ്പനിയുടെ സ്വത്ത് താൽക്കാലികമായി മരവിപ്പിക്കാൻ ബഡ്‌സ് ആക്‌ട് കോംപിറ്റൻറ് അതോറിറ്റി ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. മൾട്ടി ലെവൽ മാർക്കറ്റിങ് മോഡലിലുള്ള ഒരു ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പി. കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചുവെച്ചതിലൂടെ 126.54 കോടി നികുതി വെട്ടിപ്പ് നടത്തിയെന്നായിരുന്നു ജി.എസ്.ടി വിഭാഗത്തിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.