കണ്ണൂർ: രാജ്യത്ത് വംശീയ ജനാധിപത്യം കൊണ്ടുവരാന്‍ തീവ്രമായ ശ്രമം നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കണമെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍. സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രത്തെയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍, ആ ഭരണഘടന മാറ്റി എഴുതാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പം ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളുന്നവരാണ്. എന്നാല്‍ ഭൂരിപക്ഷത്തിനകത്തെ ചെറു ന്യൂനപക്ഷമാണ് വംശീയ ജനാധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
എല്ലാ മതവിഭാഗങ്ങളും നടത്തിയ യോജിച്ച പ്രക്ഷോഭത്തിലൂടെയാണ് രാജ്യം സ്വതന്ത്രമായത്. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ നല്കിയ സംഭാവനകള്‍ വക്രീകരിച്ച് ചരിത്രത്തെ മാറ്റാനുള്ള ശ്രമവും നടക്കുന്നു. ഇത് തിരിച്ചറിയണമെന്നും സ്പീക്കർ പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും സമൂഹത്തിന് ആപത്താണ്. രണ്ടിനെയും പൂര്‍ണമായി തള്ളിക്കളയാന്‍ നമുക്ക് സാധിക്കണം. സ്ത്രീധനത്തിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ച ഡോ. ഷഹനയെ പറ്റി കേരളത്തിലെ മതപണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണെന്നും എ.എൻ. ഷംസീർ പറഞ്ഞു. ന്യൂനപക്ഷ കമീഷന് അധ്യക്ഷന്‍ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ മുഖ്യാതിഥികളായി. ന്യൂനപക്ഷ കമീഷന്റെ വെബ്സൈറ്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, എ.ഡി.എം കെ.കെ. ദിവാകരന്, ഫാ. ജോസഫ് കാവനാടിയില്‍, എ.കെ. അബ്ദുൽ ബാഖി, ഫാ. മാര്ട്ടിന് രായപ്പന്, ജോസഫ് എസ്. ഡാനിയേല്‍, എം.കെ. ഹമീദ്, ഡോ. സുല്‍ഫിക്കര്‍ അലി, പി.കെ. മുഹമ്മദ് സാജിദ് നദ്വി, പാസ്റ്റര്‍ കുര്യന് ഈപ്പന്, കെ.വി. ഷംസുദ്ദീന്, സംസ്ഥാന ന്യൂനപക്ഷ കമീഷന് മെംബര്‍ സെക്രട്ടറി വി.ടി. ബീന, രജിസ്ട്രാര്‍ എം.എസ്. ഷീന, വിവിധ ന്യൂനപക്ഷ സമുദായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.