കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ തിങ്കളാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കാപ്പാടും തിരുവനന്തപുരം നന്തന്‍കോടുമാണ് ചന്ദ്രപ്പിറവി ദൃശ്യമായത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും വിവിധ മഹല്ലുകളുടെ ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ഈദുൽ ഫിത്ർ ആഘോഷിച്ചു. ഒമാനിൽ തിങ്കളാഴ്ചയാണ് ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്.
വ്രതാനുഷ്ഠാനംകൊണ്ട് കൈവരിച്ച ആത്മശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെയും സന്തോഷ പ്രഖ്യാപന ആഘോഷമാണ് ഇദുല്‍ ഫിത്റെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേർക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈദ് സന്ദേശത്തിൽ പറഞ്ഞു. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകംതുറന്ന് നോക്കാനുള്ള അവസരമാണിത്. മദ്യത്തിലും ലോട്ടറി പോലുള്ള ചൂതാട്ടത്തിലും മുഖ്യ വരുമാനങ്ങള്‍ കാണുന്ന ഭരണകൂടങ്ങള്‍ നിയമപരമായ ബാധ്യതകളും നിയമവാഴ്ചയും ഉറപ്പാക്കുന്നതോടൊപ്പം ലഹരിമുക്ത രാജ്യമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കാനും പരിശ്രമിക്കണം.
കഴിഞ്ഞ പെരുന്നാളിന് സന്തോഷ തഖ്ബീര്‍ മുഴക്കിയ മുണ്ടക്കൈയില്‍ ഇത്തവണ കണ്ണീര്‍ നനവുള്ള ഈദാണ്. തീമഴ പെയ്യുന്ന ഫലസ്തീനിലെയും യുക്രെയ്‌നിലെയും സിറിയയിലെയുമെല്ലാം കുരുന്നുകളും സ്ത്രീകളും പ്രായമായവരുമായ ഹതഭാഗ്യരായ മനുഷ്യരുടെ നെടുവീര്‍പ്പുകളും ഞരക്കങ്ങളും തേങ്ങലുകളും നമ്മുടെ കണ്ണീര്‍ നനവുള്ള പ്രാർഥനകളാവണം. വിദ്വേഷ രഹിതവും സഹവർത്തിത്വ സമഭാവനയും മാനവരാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്ന പെരുന്നാള്‍, കേവലം ആചാരത്തിനപ്പുറമുള്ള പ്രാർഥനാനിര്‍ഭരമായ സ്വത്വപ്രഖ്യാപനമാണെന്ന് ഈദ് സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.