തിരുവനന്തപുരം: മദ്യപിച്ചെന്നാരോപിച്ച് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ ടി.കെ. ഷിബീഷ് ഒടുവിൽ നിരപരാധിത്വം തെളിയിച്ചു. ചീഫ് ഓഫിസിലെത്തി വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടെ സാന്നിധ്യത്തിൽ മെഡിക്കൽ ബോർഡിനു മുന്നിൽ പരിശോധനക്ക് വിധേയനായാണ് മദ്യപിച്ചില്ലെന്ന് അദ്ദേഹം തെളിയിച്ചത്. സി.എം.ഡി പ്രമോദ് ശങ്കറിന്റെ നിർദേശപ്രകാരമാണ് ഷിബീഷ് തലസ്ഥാനത്തെത്തിയത്.
ഹോമിയോ മരുന്ന് കഴിക്കുന്നതിനു മുമ്പും ശേഷവും ഇയാളെ പരിശോധനക്ക് വിധേയമാക്കി. മരുന്ന് കഴിക്കാതെ ബ്രീത്ത് അനലൈസറിൽ ഊതിയപ്പോള്‍ റീഡിങ് കാണിച്ചില്ല. എന്നാൽ, മരുന്ന് കഴിച്ചശേഷം ഊതിയപ്പോൾ ബീപ് ശബ്ദം മുഴങ്ങുകയും ചെയ്തു. ഇതിൽ നിന്നാണ് മദ്യപിച്ചതുകൊണ്ടല്ല, റീഡിങ് കാണിച്ചതെന്ന തീർപ്പിലേക്ക് അധികൃതരെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അധികൃതരെ കുഴപ്പിച്ച സംഭവമുണ്ടായത്. കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു കോഴിക്കോട് ഡിപ്പോ ഡ്രൈവറും മലയമ്മ സ്വദേശിയുമായ ഷിബീഷ്. ബ്രീത്ത് അനലൈസര്‍ വഴിയുള്ള പരിശോധനക്കിടെ, ഒമ്പത് പോയന്റ് റീഡിങ് കണ്ടു. ഇതോടെ, ഷിബീഷ് മദ്യപിച്ചതായി സ്ഥാപിച്ച് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തി. താന്‍ മദ്യപിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെയാണ് തലസ്ഥാനത്തേക്ക് വിളിപ്പിച്ച് നിജസ്ഥിതി മനസ്സിലാക്കാൻ അധികൃതർ തീരുമാനിച്ചത്.
സമാന വിഷയം നേരത്തെ റെയിൽവേയിലുമുണ്ടായിരുന്നു. ഹോമിയോ മരുന്നും ചിലയിനം പഴങ്ങളും കഴിച്ചശേഷം ലോക്കോ പൈലറ്റുമാർ ബ്രീത്ത് അനലൈസർ പരിശോധനക്ക് വിധേയമാകുമ്പോൾ ബീപ് ശബ്ദം മുഴങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ലോക്കോ സ്റ്റാഫ് ഹോമിയോ മരുന്നുകളോ പഴങ്ങളോ കഴിക്കരുതെന്ന് റെയിൽവേ ഉത്തരവിറക്കി. ഇത് വിവാദമായതോടെ, ഉത്തരവ് പിൻവലിക്കുകയും ചെയ്തു.
കെ.എസ്.ആർ.ടി.സിയിൽ ' ഹോമിയോ മരുന്ന്' പുതിയ വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിൽ ബുധനാഴ്ച ഗതാഗത മന്ത്രിയുമായി കൂടിയാലോചന നടത്തി തുടർനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.