ഗവർണറുടെ ഒപ്പുകാത്ത് എട്ടു ബില്ലുകൾ; കേരളം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ഇടവേളക്കു ശേഷം ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നതിന് കാലതാമസം വരുത്തുന്ന ഗവർണറുടെ നടപടി കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്ന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കും. അതിനായി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്‍റെ സേവനം തേടും. എട്ടു ബില്ലുകൾ ഗവർണറുടെ ഒപ്പുകാത്തുകിടക്കുകയാണ്. അതിൽ മൂന്നു ബില്ലുകൾ ഒരു വർഷവും 10 മാസവുമായി. മൂന്നെണ്ണം ഒരു വർഷത്തിൽ കൂടുതലായി. മന്ത്രിമാരും ഉദ്യോഗസ്ഥരും ഗവർണറെ സന്ദർശിച്ച് വിശദീകരണം നൽകിയിട്ടും അംഗീകാരം നൽകിയില്ല. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ദീര്‍ഘകാലം പിടിച്ചുവെക്കുന്നത് ജനാധിപത്യത്തിന്‍റെ അന്തഃസത്തക്ക് നിരക്കാത്തതാണ്.

കരുവന്നൂർ അതിഗൗരവത്തോടെയാണ് കണ്ടതെന്ന് മുഖ്യമന്ത്രി. എന്നാൽ, ഇ.ഡി അന്വേഷണത്തിൽ തട്ടിപ്പിന്‍റെ സൂത്രധാരനെന്ന് കണ്ടെത്തിയ സതീഷ് കുമാറിന്‍റെ കള്ളപ്പണ ഇടപാട് എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന ചോദ്യത്തിൽനിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. എന്‍റെ കൈവശമുള്ള വിവരങ്ങളാണ് ഞാൻ പറഞ്ഞത്. ബിനാമി ഇടപാട് എന്ന് പറയുന്നതിന് പല ഉദ്ദേശ്യങ്ങളുണ്ട്. അതു നടക്കട്ടെ. അവരുടെ ഉദ്ദേശ്യം ഇവിടെ വിജയിക്കില്ല.

ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവെയാണ് ഇ.ഡി ഇടപെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച് മുൻസെക്രട്ടറിയടക്കം 26 പേർക്കെതിരെ കേസെടുത്തു. 18 പേരെ അറസ്റ്റ് ചെയ്തു. വലിയ പാത്രത്തിലെ ചോറിലെ ഒരു കറുത്ത വറ്റ് എടുത്ത് ചോറ് മുഴുവൻ മോശമാണെന്ന് പറയാനാവില്ല. 16,265 സഹകരണ സംഘങ്ങളിൽ 98.5 ശതമാനവും കുറ്റമറ്റനിലയിൽ പ്രവർത്തിക്കുന്നവയാണെന്നും മുഖ്യമന്ത്രി തുടർന്നു. കേരളീയം പരിപാടി പ്രതിപക്ഷം ബഹിഷ്കരിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അതു രാഷ്ട്രീയ പരിപാടിയല്ല. കേരളത്തിന്‍റെ നേട്ടം പറയാനുള്ള പരിപാടിയാണ്. സർക്കാറിന്‍റെ പ്രകടനം പോരായെന്ന് പറഞ്ഞാൽ കേൾക്കാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Eight bills not signed by the governor; Kerala to the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.