കോഴിക്കോട്: താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്ന ഇടത് എം.എൽ.എ പി.വി. അൻവർ മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കാൻ എട്ട് കാര്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി അടക്കമുള്ളവർക്കെതിരായ തന്‍റെ ആരോപണങ്ങൾ തള്ളിയതിന് പിന്നാലെയാണ് വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് അൻവർ മറുപടി പറഞ്ഞത്.
1. ഞാൻ പൊലീസ് സേനയുടെ മനോവീര്യം കെടുത്തിയിട്ടില്ല. സാധാരണ പൊലീസുകാരുടെ മനോവീര്യം കൂടിയിട്ടേയുള്ളൂ. ഞാൻ ഉന്നയിച്ച വിഷയങ്ങൾ ക്രിമിനലുകളായ നാലോ അഞ്ചോ ശതമാനം പൊലീസുകാരുടെ മനോവീര്യമേ കെടുത്തിയിട്ടുള്ളൂ. സേനയിലെ വലിയൊരു വിഭാഗം നല്ല ഉദ്യോഗസ്ഥരാണ്. മനോവീര്യത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഒന്നുകൂടെ പുനഃപരിശോധിക്കണം.
2. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വർണം പിടിക്കുന്നത്. സ്വർണം കൊണ്ടു വരുന്നവരെ പൊലീസ് പിടികൂടി കസ്റ്റംസിനെ ഏൽപിച്ചാൽ മതി. എന്തിനാണ് രഹസ്യകേന്ദ്രത്തിൽ കൊണ്ടുപോയി ട്രൗസറും ജെട്ടിയുമൊക്കെ അഴിച്ച് പൊലീസ് പരിശോധിക്കുന്നത്.
182ഓളം സ്വർണക്കടത്ത് കേസുകളുണ്ട്. അതിൽ പ്രതികളായവരെ വിളിച്ചുവരുത്തി അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരും. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് പൊലീസ് കൊടുത്ത റിപ്പോർട്ടിനു പുറമെ കൂടുതൽ വിഷയം പഠിക്കാൻ മുഖ്യമന്ത്രി തയാറാവണം.
3. എസ്.പിയുടെ ക്യാമ്പ് ഓഫിസിലെ മരംമുറിക്കേസിൽ വിജിലൻസിന്റെ അന്വേഷണത്തിൽ തനിക്ക് പ്രതീക്ഷയില്ല. മരം ലേലത്തിലെടുത്തവരെ ഇതുവരെ അന്വേഷണസംഘം സ്ഥലത്തെത്തിച്ച് തെളിവെടുത്തിട്ടില്ല.
4. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കാതെ താൻ വാർത്തസമ്മേളനം നടത്തിയതല്ല. ഞാൻ എ.കെ.ജി സെന്ററിലും പൊളിറ്റിക്കൽ സെക്രട്ടറിക്കും നൽകിയ പരാതികൾ ബൈൻഡ് ചെയ്താൽ പുസ്തകമാക്കാം. ഒന്നിലും നടപടിയില്ലാത്തതിനാലാണ് എല്ലാം തുറന്നുപറയേണ്ടിവന്നത്.
5. ഞാൻ നൽകിയ പരാതിയിൽ ഡി.ഐ.ജി തലത്തിൽ അന്വേഷണം നടക്കുമ്പോൾ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ തനിക്കെതിരെ സമാന്തരമായി എന്നെ കുടുക്കാനുള്ള അന്വേഷണം നടത്തുകയാണ്.
6. ഹൈദരാബാദിൽ ഫോൺ ചോർത്തിയ സംഭവത്തിൽ ഡി.ജി.പിയെ ഒഴിവാക്കി. ഇവിടെ അതുസംബന്ധിച്ച വിവരം നൽകിയ തനിക്കെതിരെ പൊലീസ് അന്വേഷണം നടത്തുകയാണ്.
7. എസ്.പിയുടെ ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിട്ടത് തെറ്റുതന്നെയാണെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. പക്ഷേ, സത്യം പുറത്തുവരാൻ അതല്ലാതെ മറ്റു മാർഗമില്ല. ഞാൻ ഈ ചെയ്യുന്നതെല്ലാം നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണ്. കണ്ണൂരിലെ രക്തസാക്ഷി കുടുംബങ്ങൾ വരെ ശശിക്കെതിരെ പരാതിയുമായി എന്റെ അടുത്തു വന്നു.
8. ക്ഷമിക്കുന്നവർക്കാണ് വിജയമെന്ന് ബൈബ്ൾ വാക്യമുണ്ട്. ഞാൻ കാത്തിരിക്കും. പാർട്ടിക്ക് എന്നെ വേണ്ടെങ്കിലും എനിക്കൊരു നിലപാടുണ്ടാവും.
പി. ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാത്തതിന്‍റെ വിരോധം വെച്ച് ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ ആവശ്യപ്പെടുന്നതു പോലെ പി. ശശിക്കെതിരെ അന്വേഷണത്തിനു തയാറല്ല. അന്‍വറിനെപ്പറ്റി ഗവര്‍ണര്‍ കത്ത് നൽകിയതും അന്വേഷണസംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിലൂടെ അൻവർ നിയമവിരുദ്ധമായ കാര്യങ്ങൾ ആവശ്യപ്പെട്ടെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.
മുഖ്യമന്ത്രിയുടെ വിമർശങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകിയ അൻവർ പി. ശശി കള്ളക്കടത്തിൽ നിന്ന് പങ്കുപറ്റുന്നുണ്ടോയെന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. പി. ശശിയുടെ പ്രവർത്തനം മാതൃകാപരമാണെന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസം. എനിക്ക് ആ വിശ്വാസമില്ല.
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നവർ അദ്ദേഹത്തെ പൊട്ടക്കിണറ്റിൽ വീഴ്ത്തുകയാണ്. മുഖ്യമന്ത്രി പി. ശശി ഉൾപ്പെടെയുള്ളവർ തെറ്റിദ്ധരിപ്പിക്കുകയാണ്. സ്വർണക്കടത്ത് പ്രതികളെ മഹത്ത്വവത്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റിദ്ധാരണയുടെ ഭാഗമാണ്. പി. ശശിക്കെതിരെ ഞാൻ രാഷ്ട്രീയ ആരോപണമാണ് ഉന്നയിച്ചതെന്നും അൻവൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.