ട്രെയിനിലെ തീവെപ്പ് അന്വേഷണം യു.പിയിലേക്കും; റെയിൽവേ പൊലീസ് നോയ്ഡയിൽ

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും തുടർന്ന് മൂന്നുപേർ ട്രാക്കിലേക്കു വീണ് മരിക്കുകയും ചെയ്ത കേസിൽ അന്വേഷണം ഉത്തർപ്രദേശിലേക്കും. പ്രതിയെന്ന് സംശയിക്കുന്നയാൾ നോയ്ഡ സ്വദേശിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാൾ വലയിലായതായി സൂചനകളുണ്ടെങ്കിലും അന്വേഷണ സംഘം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിലെ കുറിപ്പുകളിലെയും മൊബൈൽ ഫോണിലെയും തെളിവുകളുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസിലെ ഒരു വിഭാഗം നോയ്ഡയിലേക്കു പോയിട്ടുണ്ട്. എസ്.ഐയും സീനിയർ സിവിൽ പൊലീസ് ഓഫിസറും ഉൾപ്പെടുന്ന സംഘമാണ് പോയത്. ലഭ്യമായ സൂചനകൾപ്രകാരം നോയ്ഡ സ്വദേശി ഷഹറൂഖ് സെയ്ഫിയുടേതാണ് ബാഗിൽനിന്ന് ലഭിച്ച ഫോൺ. മാത്രമല്ല, ബാഗിലെ കുറിപ്പിൽ നോയ്ഡയിലെ വിലാസവുമുണ്ട്. അന്വേഷണത്തിന് യു.പി പൊലീസിന്റെയടക്കം സഹകരണവും തേടിയിട്ടുണ്ട്.

അതേസമയം, പ്രതിയെന്നു സംശയിക്കുന്ന ഷഹറൂഖ് സെയ്ഫിയെ മാർച്ച് 31 മുതൽ കാണാനില്ലെന്നതിന്റെ വിവരങ്ങളും പുറത്തുവന്നു. വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട് ഇദ്ദേഹത്തിന്റെ പിതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ലോക്കൽ സ്റ്റേഷനിൽ അദ്ദേഹം പരാതി നൽകിയിട്ടുമുണ്ട്. ട്രെയിനിൽ തീയിട്ടത് ഇയാളാണെന്ന് സംശയങ്ങൾ ഉയർന്നതോടെ കൂടുതൽ പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി.

സമാന പേരുള്ള ഈ മേഖലയിലുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതിനിടെ, സംസ്ഥാനത്ത് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് ചേർന്നു. കേസിന്റെ പുരോഗതി വിലയിരുത്തിയ സംഘം തുടരന്വേഷണം ഏതൊക്കെ നിലയിൽ മുന്നോട്ടുകൊണ്ടുപോകണം എന്നതിൽ രൂപരേഖ തയാറാക്കി. പ്രതിയെ പിടികൂടിയോ എന്ന ചോദ്യത്തിന് എ.ഡി.ജി.പി വ്യക്തമായ മറുപടി നൽകിയില്ല.

ദക്ഷിണ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) ഐ.ജി ജി.എം. ഈശ്വർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്സ്പ്രസിന്റെ തീ കത്തിയ കമ്പാർട്മെന്റും സംഭവം നടന്ന എലത്തൂർ സ്റ്റേഷനും സന്ദർശിച്ചു. എൻ.ഐ.എ സംഘവും തീകത്തിയ കമ്പാർട്മെന്റ് പരിശോധിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ എട്ടുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Elathur train attack investigation to U.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.