കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി പെട്രോൾ വാങ്ങിയതിന്റെ വിവരങ്ങൾ പുറത്ത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള പമ്പിൽ നിന്നാണ് പ്രതി പെട്രോൾ വാങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തനിച്ചെത്തിയ പ്രതി പമ്പിൽ നിന്ന് പെട്രോൾ വാങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഷൊർണൂരിൽ നിന്ന് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറിയ പ്രതി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
അതേസമയം, പ്രതി ഷാറൂഖ് സെയ്ഫിയുടെ റൂട്ട് മാപ്പ് പ്രത്യേക അന്വേഷണ സംഘം തയാറാക്കി. ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ ശാസ്ത്രീയമായി ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയാറാക്കുന്നതിന്റെ ഭാഗമായാണ് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് റൂട്ട് മാപ്പ് തയാറാക്കിയത്. പ്രതി ഡൽഹി ശാഹീൻബാഗിലെ വീട്ടിൽ നിന്നിറങ്ങിയതു മുതൽ രത്നഗിരിയിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) പിടിയിലായതു വരെയുള്ള സഞ്ചാരവും സംഭവങ്ങളുമാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെ ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് ഡി-വൺ കോച്ചിലേക്ക് ഷാറൂഖ് സെയ്ഫിയെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയതും രക്ഷപ്പെട്ടതും. സംഭവസ്ഥലത്തു നിന്ന് ലഭിച്ച ബാഗിലെ മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ശാഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.
പിന്നാലെ ശാഹീൻബാഗ്, ജഗൻപാട്ടി, ഗല്ലി നമ്പർ 21ലെ എഫ്.സി-എട്ട് വീട്ടിലെത്തിയ കേരള പൊലീസിനോട് മകനെ മാർച്ച് 31 മുതൽ കാണാനില്ലെന്നും ലോക്കൽ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നുമാണ് പിതാവ് ഫക്രുദീൻ പറഞ്ഞത്. ഈ മൊഴി അടിസ്ഥാനപ്പെടുത്തിയാണ് റൂട്ട് മാപ്പ് തയാറാക്കിയത്. പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ അവസാനമായി പ്രവർത്തിച്ചത് മാർച്ച് 31ന് ഡൽഹിയിലാണ്. തുടർന്ന് ഇയാൾ കേരളത്തിലെത്തി. ഏത് സ്റ്റേഷനിലാണ് എത്തിയത് എന്നതിലടക്കം അവ്യക്തതകളുണ്ടെങ്കിലും ഷൊർണൂരിൽ നിന്നാണ് ആക്രമണം നടത്തിയ ട്രെയിനിൽ കയറിയത് എന്നാണ് ഇയാളുടെ മൊഴി.
പെട്രോൾ വാങ്ങിയത്, ട്രെയിനിൽ യാത്രചെയ്ത കമ്പാർട്മെന്റ്, എലത്തൂർ സ്റ്റേഷൻ വരെ ട്രെയിനിൽ എത്തിയത്, ഡി വൺ കോച്ചിലേക്ക് പെട്രോളുമായി പോയത്, ആക്രമണം നടത്തിയത്, തുടർന്ന് അതേ ട്രെയിനിൽ കണ്ണൂരിലേക്ക് പോയത്, കണ്ണൂർ സ്റ്റേഷനിൽ മണിക്കൂറുകളോളം തങ്ങിയത്, പിന്നീട് രത്നഗിരി കലംബാനിയിലെ ക്ലിനിക്കിലും രത്നഗിരി സിവിൽ ആശുപത്രിയിലും ചികിത്സ തേടിയത്, അവിടെനിന്ന് രക്ഷപ്പെട്ടത്, കൈയിലുണ്ടായിരുന്ന മൊബൈൽ ഓണാക്കിയത്, രത്നഗിരി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മഹാരാഷ്ട്ര എ.ടി.എസിന്റെ പിടിയിലായത് എന്നിവയടക്കമുള്ള വിവരങ്ങളാണ് റൂട്ട് മാപ്പിലുള്ളത്.
ആക്രമണശേഷം രത്നഗിരിയിലെത്തിയതിൽ മൂന്ന് സംശയങ്ങൾ ഉള്ളതിനാൽ ഈ ഭാഗങ്ങൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് റൂട്ട്മാപ്പിൽ മാറ്റം വരുത്തും. രാജസ്ഥാനിലെ അജ്മീറിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നതിനാൽ ഈ റൂട്ട് അനുബന്ധമായി ഇതിൽ ചേർത്തിട്ടുമുണ്ട്. സാഹചര്യ തെളിവുകൾ, ആക്രമണത്തിന്റെ ദൃക്സാക്ഷി മൊഴികൾ, പ്രതിയുടെ എട്ട് ബന്ധുക്കളുടെ മൊഴി, മൊബൈൽ ടവർ ലൊക്കേഷനുകൾ, പ്രതിയിൽനിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങൾ, അന്വേഷണവുമായി സഹകരിച്ച വിവിധ ഏജൻസികൾ നൽകിയ വിവരങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് റൂട്ട് മാപ്പ് തയാറാക്കിയത്. ഇത് അപഗ്രഥിച്ച് ചോദ്യാവലിയും പ്രാഥമികമായി തയാറാക്കി.
ചോദ്യാവലി തയാറാക്കുന്നതിലേക്കായി അന്വേഷണ സംഘം കേസുമായി സഹകരിക്കുന്ന ഫോറൻസിക്, ഫിംഗർ പ്രിന്റ്, സൈബർ ഡോം, മെഡിക്കൽ ബോർഡ് എന്നിവയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണ് റൂട്ട് മാപ്പ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.