കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയെ ചോദ്യം ചെയ്യുന്നതിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ അന്വേഷണസംഘത്തിന്റെ ഇനിയുള്ള ‘ഫോക്കസ്’ കേരളത്തിൽവെച്ച് ഷാറൂഖ് സെയ്ഫിക്ക് എന്തെങ്കിലും സഹായം ലഭിച്ചോ എന്നതിലേക്ക്. പ്രതിയുടെ ഇതുവരെയുള്ള മൊഴികളിൽ പരസഹായം കിട്ടിയതിന്റെ കാര്യമായ സൂചനകളില്ല. എന്നാൽ, ഡൽഹിയിൽനിന്ന് ആദ്യമായി കേരളത്തിലെത്തിയ ഒരാൾക്ക് ഇത്ര പെട്ടെന്ന് വലിയൊരു ആക്രമണം നടത്താനാവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതാണ് പ്രതിക്ക് കേരളത്തിൽ സഹായം ലഭിച്ചോ എന്ന സംശയത്തിന് ബലമേകുന്നത്. എന്നാൽ ആരിൽ നിന്ന്, എവിടെനിന്ന് എന്നതിനൊന്നും പ്രതിയിൽനിന്ന് സൂചനകൾ പോലുമില്ലതാനും. ഇതോടെ പ്രതി കേരളത്തിൽ കൂടുതൽ സമയം തങ്ങിയ ഷൊർണൂർ കേന്ദ്രീകരിച്ച് വിശദാന്വേഷണവും പരിശോധനകളും പുരോഗമിക്കുകയാണ്. ഇതിനായി ഷൊർണൂർ റെയിൽവേ പൊലീസിന്റെയും റെയിൽവേ സംരക്ഷണ സേനയുടെയും സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കുകൾ അന്വേഷണ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇവ നേരത്തെ ശേഖരിച്ചിരുന്നു.
രണ്ടാം ഘട്ടത്തിൽ തെളിവുകൾ മുൻനിർത്തിയുള്ള ചോദ്യം ചെയ്യലാണ് നടക്കുക. അതിന് മുന്നോടിയായി പ്രതി ഷാറൂഖ് സെയ്ഫിയെ ഷൊർണൂർ, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിലുൾപ്പെടെ തെളിവെടുപ്പിന് കൊണ്ടുപോകും. ട്രെയിൻ ആക്രമണത്തിൽ മുൻകൂട്ടിയുള്ള ആസൂത്രണമുണ്ടായെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. ഇത് കേരളത്തിന് വെളിയിലാണ് എന്നുമാണ് സൂചന.
അതിനിടെ, മാലൂർകുന്നിലെ എ.ആർ ക്യാമ്പിലെത്തി മെഡിക്കൽ സംഘം ഷാറൂഖ് സെയ്ഫിയെ പരിശോധിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ തിങ്കളാഴ്ച വീണ്ടും പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി എത്തിയ മെഡിക്കൽ സംഘം പ്രതിയുടെ രക്തസാമ്പിളുൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.