തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷൽ പൊലീസ് ഓഫിസർമാരെ പ്രതിഫലം കൊടുക്കാതെ കബളിപ്പിക്കുന്നു. സ്റ്റുഡൻസ് പൊലീസ് കാഡറ്റ്, എൻ.സി.സി തുടങ്ങി വിദ്യാർഥികളും വിമുക്ത ഭടൻമാർ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും അടക്കം കാൽ ലക്ഷം പേർക്കാണ് 2600 രൂപ വീതം കൊടുക്കാനുള്ളത്. സ്പെഷൽ പൊലീസ് ഓഫിസർമാരിൽ ഭൂരിപക്ഷവും വിദ്യാർഥികളാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദത്തിനിടെയാണ് പഠനത്തോടൊപ്പം വരുമാനമെന്ന പ്രതീക്ഷയിൽ വിദ്യാർഥികൾ നൽകിയ സേവനത്തിന് വേതനം മുടങ്ങിയെന്ന ആക്ഷേപം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പൊലീസ് ക്ഷാമം പരിഹരിക്കാനാണ് 25000 സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിച്ചത്. ഏപ്രിൽ 16ലെ ആഭ്യന്തര വകുപ്പ് ഉത്തരവ് പ്രകാരം രണ്ട് ദിവസത്തേക്ക് 1300 രൂപ വീതം 2600 രൂപയാണ് പ്രതിഫലം. ഇങ്ങനെ 25,000 പേർക്ക് ആറരക്കോടി രൂപയാണ് നിശ്ചയിച്ചത്. മുൻവർഷങ്ങളിൽ തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം തന്നെ പ്രതിഫലം നേരിട്ട് കൊടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ കൈമാറുന്ന പണം പൊലീസ് ആസ്ഥാനത്തുനിന്ന് അതത് ജില്ല പൊലീസ് മേധാവികൾക്കാണ് കിട്ടുക. പൊലീസ് മേധാവികൾ ഡിവൈ.എസ്.പിമാർ വഴി സ്റ്റേഷനുകളിലേക്കും അവിടെനിന്ന് ഓഫിസർമാർക്കും കൈമാറുന്നതാണ് രീതി. പണം വൈകുന്നത് എന്തുകൊണ്ടെന്ന് പൊലീസോ തെരഞ്ഞെടുപ്പ് ഓഫിസറോ വിശദീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.