വൈദ്യുതി ചാർജിങ് സ്റ്റേഷൻ: നിരക്ക് നിശ്ചയാധികാരം റെഗുലേറ്ററി കമീഷന്‍റെ പരിധിക്ക് പുറത്ത്

തൃശൂർ: കെ.എസ്.ഇ.ബി വൈദ്യുതി ചാർജിങ് സ്റ്റേഷനുകളിൽ യൂനിറ്റ് വൈദ്യുതിക്ക് പരമാവധി എട്ട് രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ നിർദേശം വൈദ്യുതി ചാർജിങ് സ്റ്റേഷൻ നടത്തിപ്പുകാർക്ക് തിരിച്ചടി. വൈദ്യുതി വാഹനങ്ങൾ സാർവത്രികമായിട്ടില്ലെന്നിരിക്കെ ചാർജിങ് സ്റ്റേഷനുകളിൽനിന്ന് സ്വകാര്യസംരംഭകർ പിൻവാങ്ങുമെന്നാണ് ആശങ്ക.

അതേസമയം, 2003ലെ ഇലക്ട്രിസിറ്റി നിയമത്തിൽ വരുന്ന താരിഫ് നടപടികളിലാണ് കമീഷന് നിയന്ത്രണമെന്നിരിക്കെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ അതിന്‍റെ പരിധിയിൽ വരില്ലെന്നും സേവനദാതാവ് മാത്രമാണ് വിതരണച്ചുമതലക്കാരെന്നും കേന്ദ്ര ഊർജമന്ത്രാലയം 2018ൽ പ്രത്യേക ഉത്തരവ് വഴി സംസ്ഥാനത്തെ അറിയിച്ചിരുന്നു. അതിനാൽ കമീഷന്‍റെ നിർദേശം താരിഫ് റെഗുലേറ്ററി കമീഷന്‍റെ പരിധിയിൽപ്പെടില്ലെന്നാണ് വിലയിരുത്തൽ.

2022-23 വർഷം കിലോവാട്ടിന് 7.30 രൂപയാക്കി വർധിപ്പിക്കാനായിരുന്നു കെ.എസ്.ഇ.ബിയുടെ ശിപാർശ. അതേസമയം, ഫിക്സഡ് ചാർജ് ഒഴിവാക്കാനും ശിപാർശ ചെയ്തിരുന്നു. നിലവിൽ കെ.എസ്.ഇ.ബി ഈടാക്കുന്ന ഊർജവില കിലോവാട്ടിന് അഞ്ച് രൂപയാണ്.

ഫിക്സഡ് ചാർജും ജി.എസ്.ടിയും അനുബന്ധ ചെലവുമുൾപ്പെടെ യൂനിറ്റിന് 15 രൂപയോളം ഇപ്പോൾ ഉപഭോക്താവിന് വരുന്നുണ്ട്. കെ.എസ്.ഇ.ബി വരും വർഷങ്ങളിൽ നിശ്ചയിച്ച ഈ താരിഫാണ് 5.50 രൂപയാക്കി നിജപ്പെടുത്തണമെന്ന് താരിഫ് റെഗുലേറ്ററി കമീഷൻ ആവശ്യപ്പെട്ടത്.

അതേസമയം, കെ.എസ്.ഇ.ബി ഒഴിവാക്കാൻ നിശ്ചയിച്ച സ്ഥിരം വാടകയായ 75 രൂപ വർധിപ്പിച്ച് 90 രൂപയാക്കാനുമായിരുന്നു കമീഷന്‍റെ ആവശ്യം.

അടിസ്ഥാന സൗകര്യവും മൊബൈൽ ആപ് സൗകര്യമുൾപ്പെടെ ഒരുക്കേണ്ടുന്ന കരാർ ഏറ്റെടുക്കുന്ന സംരംഭകർക്ക് പിടിച്ചുനിൽക്കണമെങ്കിൽ നിശ്ചിതലാഭം ചുരുങ്ങിയ കാലത്തെങ്കിലും ഉറപ്പാക്കേണ്ടതുണ്ട്. ഊർജവിലയിൽ കുറവ് വരുത്തിയാൽ ചാർജിങ് സ്റ്റേഷനുകൾ പൂട്ടിയിടുകയേ നിവൃത്തിയുള്ളൂവെന്ന് വൈദ്യുതി ചാർജിങ് സ്റ്റേഷൻ നടത്തിപ്പുകാർ പറയുന്നു.ഭാവിയിലേക്കുള്ള വ്യവസായസാധ്യതയെ മുന്നിൽകണ്ടുവേണം ഈ സേവനമേഖലയെ കാണേണ്ടതെന്ന നിലപാട് ആവർത്തിക്കുന്ന മന്ത്രാലയം കഴിഞ്ഞ ജനുവരിയിൽ വൈദ്യുതി ചാർജിങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും നടത്തിപ്പും സംബന്ധിച്ച് മാർഗരേഖയും പുറപ്പെടുവിച്ചിരുന്നു. അതിൽ ഫിക്സഡ് ചാർജ്, ഊർജവില എന്നീ രണ്ട് താരിഫ് വേണ്ടെന്നും ഫിക്സഡ് ചാർജ് ഒഴിവാക്കി നിലവിലെ വൈദ്യുതി നിരക്കിനെക്കാൾ കൂടാത്ത വില നിശ്ചയിക്കാനും ആവശ്യപ്പെട്ടു. 2025 മാർച്ച് 31 വരെ ഈ രീതി തുടരാൻ പ്രത്യേകം നിർദേശിച്ചു. ഇക്കാര്യം പരിഗണിച്ചാണ് കെ.എസ്.ഇ.ബി ഫിക്സഡ് ചാർജ് ഒഴിവാക്കിയത്.

Tags:    
News Summary - Electricity charging station: outside the purview of the Electricity Regulatory Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.