വൈദ്യുതി നിരക്ക് വര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനെന്ന പേരില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള ഇടതു സര്‍ക്കാര്‍ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ. ഓരോ യൂനിറ്റിനും ഒന്‍പതു പൈസ വീതം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയായ 87.07 കോടി രൂപ ഈടാക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

പ്രളയത്തിന്റെ പേരില്‍ നിത്യോപയോഗ സാധനങ്ങളുടെ മേല്‍ സെസ് ഈടാക്കി ജനജീവിതം ദുസഹമാക്കിയ സര്‍ക്കാരിന്റെ മറ്റൊരു ജനദ്രോഹ നടപടിയായേ ഇതിനേ കാണാനാകൂ. ജനങ്ങള്‍ക്ക് സേവനം ചെയ്യല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന പ്രാഥമിക തത്വം പോലും സര്‍ക്കാര്‍ വിസ്മരിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പോലും പരിഗണിക്കാതെ അന്യായമായി ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണ് സേവനത്തിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നത്.

മറ്റു പാര്‍ട്ടികളില്‍ നിന്ന് മറുകണ്ടം ചാടി സി.പി.എമ്മില്‍ എത്തുന്നവരെ കുടിയിരുത്താന്‍ പ്രതിമാസം ലക്ഷങ്ങള്‍ ചെലവഴിച്ച് ഇരിപ്പിടമൊരുക്കുന്ന സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കെ.വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡെല്‍ഹിയില്‍ അയച്ചതും ചിന്താ ജെറോമിന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ പ്രതിമാസം ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചതും ധൂര്‍ത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.

മുഖ്യമന്ത്രിക്ക് ശുദ്ധമായ പാല്‍ കുടിക്കാന്‍ കാലിത്തൊഴുത്തിന് 42 ലക്ഷവും നീന്തല്‍ കുളവും ലിഫ്ടും നിര്‍മിക്കാന്‍ ലക്ഷങ്ങളും ധൂര്‍ത്തടിക്കുമ്പോഴാണ് പൊതുജനത്തെ വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ധിപ്പിച്ച് കൊള്ളയടിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്തിരിയണമെന്നും സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Electricity rate hike: SDPI says it is a challenge to the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.