വൈത്തിരി: വൈത്തിരി മേഖലയിൽ ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടുന്നതിനിടെ കാട്ടാനക്കൂട്ടത്തിൽ ഒരാന പ്രസവിച്ചത് ജനങ്ങൾക്കേറെ കൗതുകമുണ്ടാക്കി. അൽപ നേരത്തേക്കെങ്കിലും ജനങ്ങൾ ആനകളുടെ ശല്യത്തെ കുറിച്ച് മറന്നു.
ഇന്നലെ രാവിലെയാണ് വൈത്തിരി റിസോർട്ടിനടുത്തു പഴയ സി.സി. ബംഗ്ലാവിനു സമീപം മുള്ളമ്പാറയിലെ തേയിലത്തോട്ടത്തിനു താഴെ കാട്ടാന പ്രസവിച്ചത്. വിവരമറിഞ്ഞു നിരവധി പേര് ആനക്കുട്ടിയെ കാണാൻ തേയിലത്തോട്ടത്തിലെത്തി. ഉച്ചയാവുമ്പോഴേക്കും നിരവധി മാധ്യമപ്രവർത്തകരുമെത്തി. ഡി.എഫ്.ഒ രഞ്ജിത്ത് അടക്കം വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി.
കുട്ടിയാനയെ തള്ളയാനയും കൂടെയുള്ള മറ്റാനകളും സൂര്യരക്ഷാ വലയം ഒരുക്കുന്നത് കാണാമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുളപ്ര, തളിപ്പുഴ, അറമല, ലക്കിടി ഭാഗങ്ങളിൽ ആനകൾ കുട്ടികളുമായി കൂട്ടത്തോടെ വന്നിരുന്നു. പലയിടത്തും കൃഷി സ്ഥലങ്ങളിൽ കടന്നു വിളകൾ നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ലക്കിടി മണ്ടമലയിലും തളിപ്പുഴയിലും 11 ആനകളായിരുന്നു എത്തിയത്. കുട്ടികൾ കൂടെയുള്ളതു കൊണ്ടു ചിന്നം വിളിച്ചു ഭയപ്പെടുത്തിയിരുന്നതായി നാട്ടുകർ പറഞ്ഞു. ആനശല്യം മൂലം വിളകൾ നശിച്ചവർക്കു വർഷത്തിലധികമായിട്ടും നഷ്ടപരിഹാരം വനം വകുപ്പ് കൊടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.