തിരുവനന്തപുരം: ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടിനോടു ചേർന്ന സ്ഥലത്ത് നിർമാണത്തിന് നിയന്ത്രണമേർപ്പെടുത്തിയ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഡിസംബറിൽ ഇറക്കിയ ഉത്തരവ് പൊതുജനങ്ങളിൽ വലിയ ആശങ്ക ഉയർത്തിയെന്ന് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി. അണക്കെട്ടിന്റെ അതിർത്തിയോട് ചേർന്ന 20 മീറ്റര്‍ സ്ഥലം ഒരു നിർമാണവും അനുവദിക്കാത്ത ബഫര്‍ സോണും 100 മീറ്റര്‍ നിയന്ത്രണങ്ങളോടെ മാത്രം നിർമാണം അനുവദിക്കുന്ന എൻ.ഒ.സി ഏരിയയായും പ്രഖ്യാപിക്കുന്നതായിരുന്നു ഉത്തരവ്.
കോടതി നിര്‍ദേശ പ്രകാരം സദുദ്ദേശ്യത്തോടുകൂടിയാണ് ഉത്തരവിറക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഏറ്റവും കുറഞ്ഞ പ്രദേശമാണ് ബഫര്‍ സോണായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിൽ ഉത്തരവ് പിന്‍വലിക്കുകയാണ്. എന്നാൽ, അണക്കെട്ട് പ്രദേശം സംരക്ഷിക്കുന്നതിന് ഫലപ്രദമായ സംവിധാനമുണ്ടാകണം. എല്ലാ വിഭാഗം ആളുകളും ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ വാദങ്ങൾ അംഗീകരിച്ച് സർക്കാർ തെറ്റ് തിരുത്താൻ തയാറായത് സ്വാഗതാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തെ തുടർന്ന് സർക്കാർ ഉത്തരവ് റദ്ദാക്കുന്നത് നിയമസഭ ചരിത്രത്തിൽ ആദ്യമാണ്. പ്രതിപക്ഷമുന്നയിച്ച ആവശ്യം നൂറു ശതമാനവും ശരിയാണെന്നാണ് മന്ത്രി സമ്മതിച്ചിരിക്കുന്നത്. ഡാമുകൾക്ക് സമീപം താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് ഈ തീരുമാനത്തിലൂടെ പരിഹരിക്കപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.