കോണ്‍സല്‍ ജനറല്‍ സന്ദര്‍ശിച്ചപ്പോഴൊക്കെ സ്വപ്‌നയും കൂടെയുണ്ടായിരുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറൽ പലതവണ തന്നെ സന്ദർശിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം സ്വപ്ന സുരേഷും കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ കോണ്‍സല്‍ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്നയെ പരിചയമുള്ളതെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍സല്‍ ജനറല്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്‌നയും കൂടെ വന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം സെക്രട്ടറിയും മിക്ക സന്ദര്‍ശനങ്ങളിലും ഉണ്ടായിരുന്നു. സെക്രട്ടറിക്കൊപ്പമാണ് അദ്ദേഹം വരാറുള്ളത്.

'കോണ്‍സല്‍ ജനറല്‍ തന്നെ വന്നുകാണേണ്ട കാര്യമുണ്ടോ എന്ന ചോദ്യമാണ് ചിലര്‍ ചോദിക്കുന്നത്. സാധാരണ നിലയില്‍ മുഖ്യമന്ത്രിയെ കോണ്‍സല്‍ ജനറല്‍ വന്നുകാണുന്നതില്‍ അസാംഗത്യമില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ പരിപാടികള്‍ക്ക് ക്ഷണിക്കാന്‍ വരില്ലേ? അത് മര്യാദയല്ലേ ?' -അദ്ദേഹം ചോദിച്ചു.

എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കറെ ബന്ധപ്പെടാന്‍ താന്‍ ചുമതലപ്പെടുത്തിയോ എന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍, നിങ്ങളുടെ ഓഫിസില്‍ ആരെ ബന്ധപ്പെടണം എന്ന് ചോദിച്ചപ്പോള്‍ അന്നത്തെ തന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറെ ബന്ധപ്പെട്ടോളൂ എന്ന് പറഞ്ഞിട്ടുണ്ടാകാം. അത് സ്വാഭാവികമായ കാര്യമാണ്.

കോണ്‍സല്‍ ജനറല്‍ നിരവധിതവണ തന്നെ വന്നു കണ്ടിട്ടുണ്ട്. മൂന്നുനാല് കൊല്ലത്തിനിടെ പല ചടങ്ങുകള്‍ നടന്നിട്ടില്ലേ ? മിക്കവാറും ഈ പറയുന്ന സ്ത്രീയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റും സര്‍ക്കാറും തമ്മിലുള്ള കാര്യങ്ങളുടെ ചുമതല ശിവശങ്കറിനായിരിക്കുമെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്ന് സ്വപ്‌ന അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്‍റിന് മൊഴി നല്‍കിയിരുന്നു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Tags:    
News Summary - Every time the Consul General visited swapna with him says pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.