Pinarayi vijayan

പി​ണ​റാ​യി വി​ജ​യ​ൻ

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും; സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പരിഗണനയിലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടി.വി. ഇബ്രാഹിമിന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുക, പരാതികള്‍ പരിഹരിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക, സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോര്‍ക്കാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍. നോര്‍ക്കാ റൂട്‌സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ മുഖാന്തിരം പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. തിരിച്ചെത്തിയവരില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ ധനസഹായ പദ്ധതി 'സാന്ത്വന', പ്രവാസി പുനരധിവാസ പദ്ധതിയായ 'NDPREM', പ്രവാസികളുടെ ഏകോപന പുന.സംയോജന പദ്ധതിയായ പ്രവാസി ഭദ്രത, തൊഴില്‍ പോര്‍ട്ടല്‍, നോര്‍ക്കാ വാണിജ്യ കേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികളാണുള്ളത്.

18 വയസ്സിനും 60 വയസ്സിനും ഇടക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായം അടക്കുന്നവര്‍ക്കാണ് ബോര്‍ഡില്‍നിന്നു ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്. നിലവില്‍ എട്ട് ലക്ഷത്തോളം അംഗങ്ങളും എഴുപതിനായിരത്തോളം പെന്‍ഷന്‍കാരുമാണുള്ളത്.  കൂടാതെ പ്രതിമാസം എണ്ണായിരത്തോളം പ്രവാസികള്‍ പുതുതായി അംഗത്വത്തിന് അപേക്ഷിക്കുകയും രണ്ടായിരത്തോളം പേര്‍ പുതുതായി പെന്‍ഷന് അര്‍ഹത നേടുകയും ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇതില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ പരമാവധി വേഗത്തില്‍ അപേക്ഷകളിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

പുതുതായി പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്ന കാര്യവും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യവും ഇപ്പോള്‍ സര്‍ക്കാറിന്റെ പരിഗണനയിലില്ല. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരത്തിനായി എല്ലാ ജില്ലകളിലും ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതികള്‍ രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിക്കുന്നു. കൂടാതെ പ്രവാസി മലയാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമീഷനും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഒരു സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നോര്‍ക്കാ റൂട്ട്‌സ് മുഖേന നടപ്പാക്കുന്ന വിഷയം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Expatriate welfare schemes will be made more efficient -Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.