െകാച്ചി: ഒന്നിലേറെ വിവാഹം ചെയ്ത മുസ്ലിം, ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് കാരണമാകുമെന്ന് ഹൈകോടതി. ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം ചെയ്താൽ തുല്യ രീതിയിലുള്ള സംരക്ഷണം നൽകണമെന്നാണ് ഖുർആൻ നിർദേശിക്കുന്നത്.
വിവാഹമോചനം നടത്താതെ വർഷങ്ങളോളം ആദ്യഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്നയാൾ രണ്ടാംവിവാഹം കഴിക്കുകയും അകൽച്ച തുടരുകയും ചെയ്താൽ ആദ്യഭാര്യക്ക് ഇതിെൻറ പേരിൽ മുസ്ലിം വിവാഹമോചന നിയമത്തിലെ സെക്ഷൻ 2(8)(എഫ്) പ്രകാരം വിവാഹമോചനം നടത്താമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിവാഹമോചനം തേടി തലശ്ശേരി കുടുംബ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരെ തലശ്ശേരി സ്വദേശിനി നൽകിയ ഹരജി അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
1991ൽ വിവാഹിതരായ, മൂന്ന് കുട്ടികളുടെ മാതാവാണ് ഹൈകോടതിയെ സമീപിച്ചത്. ഇതിൽ രണ്ട് കുട്ടികളുടെ വിവാഹവും നടന്നു. രണ്ടുവർഷമായി സംരക്ഷിക്കുന്നില്ല, മൂന്ന് വർഷമായി ദാമ്പത്യ ജീവിതത്തിലെ കടമകൾ നിർവഹിക്കുന്നില്ല, ക്രൂരമായ പെരുമാറ്റം, ഒന്നിലേറെ ഭാര്യമാരുള്ള ഭർത്താവിൽനിന്ന് തുല്യപരിഗണന ലഭിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു കുടുംബ കോടതിയിലെ ഹരജി. സമാന ആരോപണങ്ങളാണ് ൈഹകോടതിയിലും ഉന്നയിച്ചത്.
രണ്ടുവർഷമായി സംരക്ഷണം നൽകാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് കോടതി വ്യക്തമാക്കി. ശാരീരിക ബന്ധത്തിന് സമ്മതിക്കാത്തതിനാലാണ് മറ്റൊരു വിവാഹം ചെയ്തതെന്ന ഭർത്താവിെൻറ വാദം മൂന്ന് കുട്ടികളുണ്ടായതടക്കം ചൂണ്ടിക്കാട്ടി കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.