കോഴിക്കോട്: രക്ഷിതാക്കളെയും കുട്ടികളെയും മോഹിപ്പിച്ച് വൻ തുക വാങ്ങി തട്ടിപ്പ് ടൂർണമെൻറുകൾ നടത്തുന്ന വ്യാജ കായിക സംഘടനകൾ സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. ടൂർണമെൻറ് ഫീസ് എന്ന പേരിൽ വൻ തുക വാങ്ങി തട്ടിക്കൂട്ട് ടൂർണമെൻറുകളാണ് ഇത്തരക്കാർ നടത്തുന്നത്. കോവിഡിന് ശേഷം സ്കൂൾ കുട്ടികൾക്ക് കായിക മത്സരങ്ങൾ കുറവായതിെൻറ മറവിലാണ് തട്ടിപ്പു സംഘം വിലസുന്നത്. ഇത്തരത്തിൽ പണം തട്ടുന്നവരെക്കുറിച്ച് 'മാധ്യമം' നേരത്തേ വാർത്തകൾ നൽകിയതിനെത്തുടർന്ന് ഇവരുടെ പ്രവർത്തനം നിലച്ചിരുന്നു. സംസ്ഥാന കായിക വകുപ്പും വിദ്യാഭ്യാസവകുപ്പും സ്പോർട്സ് കൗൺസിലും ഇക്കാര്യത്തിൽ ശക്തമായി ഇടപെടാനും ബോധവത്കരണം നടത്താനും തയാറാകുന്നില്ല. ജില്ല മുതൽ ദേശീയ തലം വരെയുള്ള മത്സരങ്ങളിൽ അംഗീകൃത അസോസിയേഷനുകളും കായിക വകുപ്പും ഒരു കായിക താരത്തിനോടും പണം ആവശ്യപ്പെടാറില്ല. എല്ലാ ചെലവുകളും സംഘാടകർ വഹിക്കുന്നതിന് പുറമെ യാത്രബത്തയും മറ്റ് ആനുകൂല്യങ്ങളും താരങ്ങൾക്ക് കിട്ടുന്നതാണ് പതിവ്.
സ്കൂൾ തല കായിക മത്സരങ്ങളുടെ ആധികാരിക സംഘടനയായ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.ജി.എഫ്.ഐ) പേരുമായി സാമ്യമുള്ള സംഘടനയുടെ പേരിലാണ് സംസ്ഥാനത്ത് ഇപ്പോൾ തട്ടിപ്പു നടത്തുന്നത്. യഥാർഥ എസ്.ജി.എഫ്.ഐക്ക് അംഗീകാരമില്ലെന്നാണ് സംഘടനയുടെ കേരള കോഓഡിനേറ്ററുടെ വാദം. നേപ്പാളിൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ 40,000 രൂപ വരെയാണ് ആവശ്യപ്പെടുന്നതെന്ന് ഒരു രക്ഷിതാവ് വെളിപ്പെടുത്തി. പണം വാങ്ങി ഒരു ടീം തട്ടിക്കൂട്ടുകയും അതിന് ഇന്ത്യൻ ടീമെന്ന് പേരിട്ട് രക്ഷിതാക്കളെ പറ്റിക്കുകയുമാണ് ഇവരുടെ രീതി. ഇന്ത്യൻ ആർമിയിലും റെയിൽവേയിലും ജോലിയും ലഭിക്കുമെന്നും പ്രമുഖ ഫുട്ബാൾ ടീമുകളിൽ സെലക്ഷൻ കിട്ടുമെന്നും രക്ഷിതാക്കളെയും കുട്ടികളെയും പ്രലോഭിപ്പിക്കുന്നു. ഇത്തരം ടൂർണമെൻറുകളിൽ പങ്കെടുത്ത് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് പട്ടാളത്തിലോ റെയിൽവേയിലോ കടലാസിെൻറ വില പോലുമില്ല. വിദ്യാർഥികളെ ഉപയോഗിച്ച് വിവിധ വാട്സ് ആപ് ഗ്രൂപ്പുകളും മറ്റും വഴിയാണ് കുട്ടികളെ ആകർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.