ഇൻഷുറൻസ് രേഖകളിൽ കൃത്രിമം: 29 ലക്ഷം തട്ടിയ പ്രതി പിടിയിൽ

മണ്ണാർക്കാട്: ഇൻഷുറൻസ് രേഖകളിൽ കൃത്രിമം കാണിച്ച് 29 ലക്ഷം തട്ടിയ കേസിലെ പ്രതി പിടിയിൽ. ഊട്ടി സ്വദേശി പ്രശാന്തിനെയാണ് (33) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2015 മേയ് മുതൽ 2021 നവംബർ വരെ മണ്ണാർക്കാട് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ യൂനിറ്റ് മാനേജറായി പ്രതി ജോലി ചെയ്തിരുന്നു.

പോളിസി ഉടമകളിൽ നിന്ന് പോളിസിയെടുക്കുന്ന സമയത്ത് വാങ്ങുന്ന അക്കൗണ്ട് രേഖകളിലും ചെക്ക് ലീഫുകളിലും ഉടമകളറിയാതെ ഇയാൾ കൃത്രിമം കാണിച്ചു. പോളിസി കാലാവധി പൂർത്തിയാകുന്ന സമയത്ത് തുക ഈ രേഖകൾ ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. രണ്ട് അക്കൗണ്ടുകളിൽ നിന്നായി 29 ലക്ഷം രൂപയാണ് ഈ രീതിയിൽ തട്ടിയെടുത്തത്. തട്ടിയെടുത്ത തുക പിൻവലിച്ച ശേഷം അക്കൗണ്ട് ക്ലോസ് ചെയ്ത് പ്രതി ഒളിവിൽ പോകുകയായിരുന്നു. പാലക്കാട് മുട്ടിക്കുളങ്ങരയിൽ നിന്നാണ് പിടികൂടിയത്.

ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശാനുസരണം മണ്ണാർക്കാട് ഡിവൈ.എസ്.പി ടി.എസ്. സിനോജ്, മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ സുരേഷ്, എ.എസ്.ഐ സീന, സീനിയർ സി.പി.ഒ സാജിദ്, സി.പി.ഒ റംഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Falsification of insurance documents: Suspect arrested for defrauding 29 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.