നിപ ബാധിച്ച്​ മരിച്ച കോഴിക്കോട്​ ചാത്തമംഗലത്തെ 12 വയസ്സുകാരന്‍റെ മൃതദേഹം കണ്ണംപറമ്പ്​ ജുമാമസ്​ജിദ്​ ഖബർസ്​ഥാനി​ൽ​ ഖബറടക്കാൻ കൊണ്ടുപോകുന്നു -ഫോ​ട്ടോ:  കെ. വിശ്വജിത്ത്​

ഹൃദയഭേദകം... നിപ ബാധിച്ച്​ മരിച്ച കുട്ടി​ക്ക്​ യാത്രാമൊഴി

കോഴിക്കോട്​: ഉറ്റവരുടെ അന്ത്യചുംബനം പോലും ഏറ്റുവാങ്ങാതെ, ഓമനിച്ച്​ വളർത്തിയ മാതാപിതാക്കൾക്ക്​ വാരിപ്പുണരാനാവാതെ, കളിക്കൂട്ടുകാർക്ക്​ അവസാനമായി ഒരു നോക്ക്​ കാണാനാവാതെ അവൻ മണ്ണിലേക്ക്​ മറഞ്ഞു... നിപ ബാധിച്ച്​ ഇന്ന്​ പുലർ​ച്ചെ മരിച്ച കോഴിക്കോട്​ ചാത്തമംഗലത്തെ 12 വയസ്സുകാരന്‍റെ മൃതദേഹം ജൻമനാടിൽനിന്ന്​ കിലോമീറ്ററുകൾ അകലെ കണ്ണംപറമ്പ്​ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിലാണ്​ ഖബറടക്കിയത്​.

ബന്ധുക്കളിൽ ചിലരും ആരോഗ്യവകുപ്പ്​ അധികൃതരും സന്നദ്ധ സംഘടന പ്രവർത്തകരും ഉൾപ്പെടെ 10ൽ താഴെ ആളുകൾ മാത്രമാണ്​ ഖബറടക്കച്ചടങ്ങിൽ പ​ങ്കെടുത്തത്​. സുരക്ഷാ വസ്​ത്രങ്ങൾ ധരിച്ച​ ഇവരാണ്​ മൃതദേഹത്തെ ആംബുലൻസിൽ അനുഗമിച്ചത്​. ഖബർസ്​ഥാനിൽ വെച്ച്​ തന്നെ മയ്യിത്ത്​ നമസ്​കാരവും നിർവഹിച്ചു. ശേഷം 12.15ഓടെയാണ്​ ഖബറക്കം നടന്നത്​. 2018ൽ നിപ ബാധിച്ച്​ മരിച്ചവരെയും ഇതേ ഖബർസ്​ഥാനിലാണ്​ അടക്കം ചെയ്​തിരുന്നത്​.

ഞായറാഴ്ച പുലർച്ചെ 4.45നായിരുന്നു​ ചാത്തമംഗലത്തെ കുട്ടി കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. മസ്​തിഷ്​കജ്വരവും ഛർദ്ദിയും ബാധിച്ചാണ്​ കുട്ടി ആദ്യമായി ചികിത്സ തേടിയത്​. പിന്നീട്​ നിപയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക്​ എത്തുകയായിരുന്നു. തുടർന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

സെപ്റ്റംബർ ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ചികിത്സിച്ച ഡോക്​ടർമാരും ആരോഗ്യ പ്രവർത്തകരും അടക്കം നിരവധിപേർ നിരീക്ഷണത്തിലാണ്​.

അടിയന്തര സാഹചര്യം വിലയിരുത്താനും തുടർക്രമീകരണങ്ങൾ ഒരുക്കുന്നതിനുമായി ആരോഗ്യ മന്ത്രി വീണ ജോർജ് കോഴിക്കോ​​​​ട്ടെത്തി. മന്ത്രിമാരായ മുഹമ്മദ്​ റിയാസും എ.കെ. ശശീന്ദ്രനും അഹമ്മദ് ദേവർകോവിലും പ്രത്യേക മെഡിക്കൽ സംഘവും യോഗത്തിൽ പ​ങ്കെടുക്കും.


2018 മേയിലാണ് സംസ്​ഥാനത്ത്​ ആദ്യമായി നിപ വൈറസ് റിപ്പോർട്ട്​ ചെയ്​തത്​. വൈറസ് ബാധയെ തുടർന്ന്​ അന്ന് 17 പേരാണ് മരിച്ചത്. കോഴിക്കോ​ട്​ ചങ്ങരോത്തായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന്​ പിന്നീട്​ കണ്ടെത്തിയിരുന്നു​. 2019 ജൂണിൽ കൊച്ചിയിൽ വീണ്ടും നിപ സ്ഥിരീകരിച്ചിരുന്നു. 23കാരനായ വിദ്യാർഥിക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.

Tags:    
News Summary - Farewell to the child who dies due to Nipah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.