കോഴിക്കോട്: പിണറായി സർക്കാർ ഒരു വർഷം പിന്നിട്ടിട്ടും വര്‍ധിപ്പിച്ച പെന്ഷന് തുകക്കായി കാത്തിരുന്നു മടുത്ത് കര്‍ഷകർ. സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കാണ് വാര്‍ധക്യകാലത്ത് അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കപ്പെടുന്നത്. എൽ.ഡി.എഫ് സർക്കാർ വര്‍ധിപ്പിച്ച ഒരു വര്‍ഷത്തെ തുകയാണ് ഇവർക്ക് അന്യമാകുന്നത്.
ചില ജില്ലകളില്‍ പെന്ഷന് അനുവദിച്ചതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പലര്‍ക്കും കിട്ടിയിട്ടില്ല. 600 രൂപയായിരുന്ന പെന്ഷന് തുക കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ആയിരം രൂപയാക്കിയിരുന്നു. എൽ.ഡി.എഫ് സര്‍ക്കാര്‍ കൂട്ടിയ പെന്ഷന് കിട്ടാത്ത ഏക വിഭാഗം കര്‍ഷകരാണ്.
മറ്റു സാമൂഹിക ക്ഷേമപെന്‍ഷനുകളുടെ കൂട്ടിയ തുക ഓണക്കാലത്ത് നൽകിയിരുന്നു. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയ തുകയാണ് കര്‍ഷകര്‍ക്ക് കിട്ടിയത്. മാസത്തില്‍ 600 രൂപ വീതം ആറുമാസത്തെ തുകയായിരുന്നു ഇത്. കോഴിക്കോട് ജില്ലയില്‍ ഒക്ടോബറില്‍ ആയിരം രൂപ നല്‍കിയത് വർധിപ്പിച്ച തുകയാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കര്‍ഷകർ. കഴിഞ്ഞ മാസം 29ന് 1800 രൂപയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നു. 2016 മാര്‍ച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ തുകയാണ് ഒരു വര്‍ഷം വൈകിയെത്തിയത്.
ചില ആശയക്കുഴപ്പം കാരണം വിതരണം വൈകുകയാണെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. പെന്ഷന് തുക ആയിരമാണോ 1100 ആണോ എന്ന് ഉദ്യോഗസ്ഥര്‍ക്കുതന്നെ വ്യക്തതയില്ല. എന്നാൽ, രാജു നാരായണസ്വാമി കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നപ്പോൾ പുറപ്പെടുവിച്ച ഉത്തരവില്‍ 1000 രൂപ എന്ന് വ്യക്തമായി പറയുന്നുണ്ട്. ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചവര്‍ക്ക് മാത്രം പെന്ഷന് വിതരണം ചെയ്യാനും നീക്കമുണ്ട്.
കാര്ഷികോൽപാദനം കൂട്ടാനും കര്‍ഷകക്ഷേമം ഉറപ്പാക്കാനും വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ 60 വയസ്സ് പൂര്‍ത്തിയായ നെൽക്കര്‍ഷകര്‍ക്കായി കൊണ്ടുവന്ന കിസാന്‍ അഭിമാന് എന്ന പെന്‍ഷനാണ് പിന്നീട് അര്‍ഹതയുള്ള എല്ലാ കര്‍ഷകര്‍ക്കും നല്കാന് തീരുമാനിച്ചത്. ഉമ്മന്‍ ചാണ്ടി സർക്കാറിെൻറ കാലത്ത് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി പദ്ധതി വിപുലമാക്കി. ഒരു ഹെക്ടറോ അതിനു താഴെയോ ഭൂമിയുള്ള കര്‍ഷകരായിരുന്നു പദ്ധതിയിൽപെട്ടത്. 2012ല്‍ പുതിയ ഉത്തരവിലൂടെ രണ്ടു ഹെക്ടര്‍ സ്ഥലം വരെ കൃഷിഭൂമിയുള്ളവരെ ഉള്‍പ്പെടുത്തുകയും പെന്ഷന് തുക 400 രൂപയായി കൂട്ടുകയും ചെയ്തു. 2014ല്‍ 600 രൂപയാക്കിയ പെന്‍ഷനാണ് കഴിഞ്ഞ വര്‍ഷം ആയിരമാക്കിയത്.
ഇേപ്പാൾ അനര്‍ഹരെ ഒഴിവാക്കാനുള്ള നടപടികള്‍ തുടരുന്ന അധികൃതര്‍ പെന്ഷന് എന്ന് കിട്ടും എന്നു മാത്രം പറയുന്നില്ല. സ്വന്തമായ പുരയിടത്തിനു പുറമെ പത്തു സെൻറ് സ്ഥലം, വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെ, പത്തു വര്‍ഷമായി ഒരു പഞ്ചായത്തിലെ ഭൂമിയില്‍ തന്നെ കാര്‍ഷിക ജോലി തുടങ്ങിയ നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്.
ഇതിനു പുറമെ കര്‍ഷകരുടെ കൈവശാവകാശ സർട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നികുതി ശീട്ട് തുടങ്ങിയവ കൃഷി ഓഫിസുകളില്‍ സമര്‍പ്പിച്ച് അര്‍ഹരാണെന്ന് ബോധ്യപ്പെടുത്തുകയും വേണം. ചില കൃഷിഭവനുകളിൽ 1000 പേര് വരെ പെന്ഷന് വാങ്ങുന്നുണ്ട്. നിബന്ധനകള്‍ കര്‍ശനമാകുന്നതോടെ എണ്ണം കുറയാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.