കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തിെൻറ കരാർ ഏറെയും ഒളിവിൽ പോയ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങളുടെ പേരിൽ. ഇതുസംബന്ധിച്ച രേഖകളും അദ്ദേഹത്തിെൻറ പേരിലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിനുമുന്നിൽ ആവർത്തിച്ച് എം.സി. ഖമറുദ്ദീൻ. കസ്റ്റഡിയിൽ വാങ്ങിയ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെ ചൊവ്വാഴ്ച കൂടുതൽ കേന്ദ്രങ്ങളിൽ എത്തിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ എല്ലാ ഉത്തരവാദിത്തങ്ങളും എം.സി. ഖമറുദ്ദീൻ, പൂക്കോയ തങ്ങൾക്ക് ചാർത്തുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മഹാഭൂരിപക്ഷം ചെക്കുകളിലും എഗ്രിമെൻറുകളിലും ഒപ്പുവച്ചത് പൂക്കോയ തങ്ങളാണ്.
പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് കമ്പനി കാര്യങ്ങളിൽ ഇടപെടാൻ കഴിഞ്ഞിട്ടില്ല. ചെയർമാൻ എന്ന പദവി മാത്രമേയുള്ളൂവെന്നും കാര്യങ്ങളെല്ലാം നടത്തിയത് താനറിയാതെ പൂക്കോയ തങ്ങളാണെന്നും ചൊവ്വാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഖമറുദ്ദീൻ വ്യക്തമാക്കി. തനിക്ക് ഒന്നും അറിയില്ല എന്ന നിലപാടിൽനിന്ന് ഖമറുദ്ദീൻ മാറുന്നില്ല, എന്നാൽ യോഗം വിളിക്കുന്നതും ഡിവിഡൻറിൽ തീരുമാനമെടുക്കേണ്ടതും കമ്പനി ചെയർമാൻ എന്ന നിലയിൽ എം.സി. ഖമറുദ്ദീനായതിനാൽ അദ്ദേഹത്തിന് ഉത്തരവാദിത്തത്തിൽനിന്നു ഒഴിഞ്ഞുമാറാനാവില്ല എന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
20 ലക്ഷം മുതൽ 30 ലക്ഷം രൂപവരെ നിക്ഷേപിച്ച പണത്തിന് എഗ്രിമെൻറ് ഉണ്ടാക്കിയവർ മാത്രമാണ് ഇപ്പോൾ പരാതിക്കാർ. ഇത്തരം 75 കേസുകൾ മാത്രമാണ് അന്വേഷിക്കുന്നത്. ഇതിൽ ഖമറുദ്ദീൻ ഒപ്പുെവച്ചിട്ടുള്ളത് അഞ്ചിൽ താഴെ എണ്ണത്തിൽ മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുള്ളത്. അതിലെ തുക ഏതാണ്ട് ഒരു കോടിയിൽതാഴെ മാത്രം. ചെക്കു നൽകിയവരും രേഖയില്ലാത്ത പണം നൽകിയവരും പരാതിക്കാരുടെ കൂട്ടത്തിൽ ഇല്ല. എഗ്രിമെൻറ് പ്രകാരം പണം നൽകിയവർ മാത്രമാണ് പരാതിക്കാരായി വന്നിട്ടുള്ളത്. ഖമറുദ്ദീെൻറ അറസ്റ്റ് വാർത്ത പരന്നതോടെയാണ് മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ സ്ഥലം വിട്ടത്.
രണ്ടു ദിവസത്തെ കസ്റ്റഡിക്കുശേഷം ഖമറുദ്ദീനെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. മൂന്നു കേസുകളിലാണ് ഇേപ്പാൾ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.
ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അന്വേഷണ ഉദ്യോഗസ്ഥൻ എ.എസ്.പി വിവേക്കുമാർ, എ.ആർ. ബറ്റാലിയൻ കമാൻഡൻറ് നവനീത് ശർമ, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിമാരായ ടി. മധുസൂദനൻ നായർ, പ്രദീപ്, ഇൻസ്പെക്ടർ ടി. മധുസൂദനൻ എന്നിവരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.