ദേഹത്ത് പെട്രോളൊഴിച്ച് നിന്നയാളെ കുളിപ്പിച്ചെന്ന് പൊലീസ്; ഇതുപോലുള്ളവരുടെ കുളി നിർത്താനാണ് 'ജി' വിലകൂട്ടുന്നതെന്ന് നെറ്റിസൺസ്

മദ്യപിച്ച് ലക്കുകെട്ടയാൾ ദേഹത്ത് പൊ​ട്രോളൊഴിച്ച് നിന്ന് ഭീഷണി മുഴക്കിയതും അയാളെ രക്ഷിച്ചതും ഔദ്യോഗിക ​ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് നാട്ടുകാരെ അറിയിച്ചത്. 'പ്രതി'യുടെ മുഖം മറച്ചിട്ടുണ്ടെങ്കിലും അയാളെ കുളിപ്പിക്കുന്നതിന്റെ ചിത്രസഹിതമുള്ള പോസ്റ്റായിരുന്നു പൊലീസ് പങ്കുവെച്ചത്. ഇടവേളക്കുശേഷം വീണ്ടും രാജ്യത്ത് ഇന്ധന വില വർധന തുടങ്ങിയ പശ്ചാത്തലത്തിൽ അതിനോട് ചേർത്തുള്ള കമൻറും ട്രോളുമായാണ് നെറ്റിസൺസ് ഇതിനെ വരവേറ്റത്.

'ഒരു നൈറ്റ് "പെട്രോൾ "കുളിപ്പിക്കൽ കഥ' എന്ന തലക്കെട്ടിലായിരുന്നു പൊലീസിന്റെ ​പോസ്റ്റ്. രാത്രി മദ്യപിച്ച് ലക്കുകെട്ട ഒരാൾ കുടുംബത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിൽ പൊലീസ് ഇടപെട്ടതാണ് സംഭവം.

'മദ്യപിച്ചു സ്വബോധം നഷ്‌ടമായ ഒരു മഹാന്റെ " വികൃതിയെ " കുറിച്ച് ഫോണിൽ കിട്ടിയ വിവരമറിഞ്ഞപ്പോൾ തന്നെ നൈറ്റ് പട്രോൾ ഡ്യൂട്ടിക്കാരായ പൊലീസ് ഉദ്യോഗസ്ഥർ അങ്ങോട്ടേക്ക് പാഞ്ഞു. വീടും സ്ഥലവും വിറ്റ് മക്കളെയും ഭാര്യയെയും വഴിയാധാരമാക്കി, ഒടുവിൽ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലെത്തി അവിടെ അഭയം തേടിയ ഭാര്യയെയും മക്കളെയും ഭയപ്പെടുത്താനായി സ്വയം പെട്രോളിൽ കുളിച്ച് കയ്യിൽ ലൈറ്ററുമായി നിൽക്കുകയായിരുന്നു അയാൾ. വീടും പരിസരവുമൊക്കെ പെട്രോൾ മണത്താൽ നിറഞ്ഞു നിൽക്കുന്നു. വീട്ടുകാരൊക്കെ ഭയംകൊണ്ട് കതകും പൂട്ടി അകത്ത് ഇരിപ്പാണ്. വീടിന് പിന്നിലേക്ക് നടന്ന് കുറച്ച് ചെന്നപ്പോൾ വാഴകൾക്കിടയിൽ ടോർച്ച് വെട്ടത്തിൽ പതുങ്ങുന്ന ആൾ രൂപം കണ്ടു.'

'മുഷിഞ്ഞ കൈലിയും ഷർട്ടുമൊക്കെ പെട്രോളിൽ നനഞ്ഞു കുതിർന്നിരിക്കുന്നു. പെട്ടെന്ന് തന്നെ അയാളെ കൈപ്പിടിയിലൊതുക്കി. അയാളുടെ പോക്കറ്റിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ ഉദ്യോഗസ്ഥർ എടുത്ത് ദൂരെയെറിഞ്ഞു. ആളെ സമാധാനിപ്പിച്ച് വീടിന്റെ പിന്നാമ്പുറത്തെത്തിച്ച് , ഭയത്താൽ പുറത്തിറങ്ങാൻ മടിച്ച വീട്ടുകാരെക്കൊണ്ട് മോട്ടോർ ഓൺ ചെയ്യിപ്പിച്ച് പെട്രോളിൽ കുളിച്ച് നിന്നിരുന്നയാളെ കുളിപ്പിച്ചു.' -ഇങ്ങിനെയാണ് പൊലീസ് സംഭവത്തെ കുറിച്ച് വിവരിക്കുന്നത്.

പെട്രോൾ വില വർധനയുമായി ചേർത്തായിരുന്നു പിന്നീട കമന്റുകളും ​ട്രോളുകളും. 'ഇനി പെട്രോളിലൊക്കെ കുളിക്കാൻ വീട് മാത്രം വിറ്റാൽ മതിയാവില്ല. ഇതുപോലുള്ളവരുടെ കുളി നിർത്താൻ G നാളെയും വില കൂട്ടുന്നുണ്ട്.' -ഒരാൾ എഴുതി.

'പെട്രോളിനൊക്കെ എന്താ വില. പെട്രോളിൽ കുളിച്ചു നിന്ന അയാളെ പിടിച്ച് പിഴിഞ്ഞ് ആ ഇന്ധനം പൊലീസ് വാഹനങ്ങളിൽ ഒഴിക്കാരുന്നു, സർക്കാരോ കാശ് തരുന്നില്ല പിന്നെ വണ്ടി ഓടണ്ടേ', 'ഈ സംഭവം അറിഞ്ഞിട്ടാണോ എന്തോ ആരും ഇതുപോലെ കടുംകൈ ചെയ്യാത്തതെയിരിക്കാൻ ഇന്ധനവില കൂട്ടിയിട്ടുണ്ട്... ഇനി ഒന്ന് കാണട്ടെ, ആവശ്യമില്ലാതെ പെട്രോൾ ദുരുപയോഗം ചെയ്യുന്നത്' -പിറകെ കമന്റുകളുടെ കുത്തൊഴുക്ക് ഇങ്ങിനെയാണ്.

ദേഹത്ത് പൊട്രോളൊഴിച്ച മദ്യപാനിയെ ശതകോടീശ്വരനായി ചിത്രീകരിച്ചും മദ്യപാനിയെ നേർവഴിക്കാക്കാൻ ​ഇന്ധനവില കൂട്ടുന്നതായുമൊക്കെയുള്ള ട്രോളുകളും ഇതിനെ പിറകെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - fb post of keral police goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.