തിരുവനന്തപുരം: കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന ആധാരത്തോടൊപ്പം ഉള്ളടക്കം ചെയ്യുന്ന പ്ലാനുകള്‍ക്ക് ചില സബ് രജിസ്ട്രാർ ഓഫിസുകളില്‍ ഫീസ് ഈടാക്കുന്നു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന അഞ്ച് ലക്ഷത്തിലേറെ ആധാരങ്ങള്‍ക്ക് പ്ലാന്‍ ഉള്‍പ്പെടുത്തുന്നതായാണ് വിവരം. അതില്‍ ചില സബ് രജിസ്ട്രാർ ഓഫിസുകളിലാണ് ഇത്തരത്തില്‍ അന്യായ ഫീസ് ഈടാക്കുന്നത്. ഇതുവഴി രജിസ്ട്രേഷന് വകുപ്പ് പ്രതിവര്‍ഷം അഞ്ച് കോടിയോളം രൂപ ഈടാക്കുന്നെന്നാണ് വിവരം.
കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങള്‍ക്ക് ഫീസ് കുറച്ചുവാങ്ങുന്നതുപോലെ കുറ്റകരമാണ് അധികം ഫീസ് വാങ്ങുന്നത്. എന്നാല്‍, ഫീസ് പട്ടികയില്‍ പോലും പ്രതിപാദിക്കാത്ത ഫീസുകള്‍ ചില സബ് രജിസ്ട്രാർ ഓഫിസുകൾ ഈടാക്കുന്നെന്ന് പരാതി ഉയര്‍ന്നിട്ടും വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. മുദ്രപ്പത്രത്തില്‍ ആധാരം തയാറാക്കിയശേഷം ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യുമ്പോള്‍ രജിസ്ട്രേഷന് ഫീസ്, ഫയലിങ് ഷീറ്റ്, പോക്കുവരവ് എന്നിവക്ക് മാത്രമാണ് ഫീസ് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഫീസ് കണക്കാക്കുമ്പോള്‍ എഡിറ്റ് ചെയ്യാന്‍ അവസരമുണ്ട്.
എന്നാല്‍, പ്ലാനിനുവേണ്ടി ഈടാക്കുന്ന ഫീസ് ഏത് കണക്കിൽ പെടുത്തണമെന്ന ചോദ്യത്തിന് രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നില്ലെന്ന് ആധാരം എഴുത്തുകാര്‍ പറയുന്നു. സംസ്ഥാനത്ത് ടോറന്‍സ് നടപ്പാക്കിയ രണ്ട് സബ് രജിസ്ട്രാർ ഓഫിസുകളില്‍ പ്ലാന്‍ ഉള്‍പ്പെടുത്തി മാത്രമാണ് ആധാരം രജിസ്റ്റർ ചെയ്യുന്നത്. ടോറന്‍സ് നടപ്പാക്കിയ സബ് രജിസ്ട്രാർ ഓഫിസുകളില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അംഗീകൃത സർവേയര്‍ സ്ഥലം അളന്ന് പ്ലാന്‍ തയാറാക്കണം.
ഇത്തരത്തില്‍ തയാറാക്കുന്ന പ്ലാന്‍ ഉള്‍പ്പെടുത്തുമ്പോൾ ഫീസ് ഈടാക്കുന്നതിന് വ്യവസ്ഥയുണ്ട്. എന്നാല്‍, മറ്റ് സബ് രജിസ്ട്രാർ ഓഫിസുകളില്‍ രജിസ്റ്റർ ചെയ്യുന്ന ആധാരത്തിനൊപ്പം പ്ലാന്‍ ഉള്ളടക്കം ചെയ്യണമെന്ന് നിര്‍ബന്ധമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.