വാടാനപ്പള്ളി (തൃശൂർ): വഞ്ചിമറിഞ്ഞ് അഞ്ച് മണിക്കൂറോളം കടലിൽ ഒഴുകി നടന്ന നാല് മത്സ്യത്തൊഴിലാളികൾക്ക് തുണയായത് 19കാരന്റെ ഡ്രോൺ കാമറ. തളിക്കുളം തമ്പാൻകടവിൽനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികളാണ് ഫൈബർ വഞ്ചി തിരയിൽപെട്ട് മറിഞ്ഞ് മരണത്തെ മുഖാമുഖം കണ്ടത്. ഒടുവിൽ, കരയിൽനിന്ന് മത്സ്യത്തൊഴിലാളികൾക്കൊപ്പം എത്തിയ ബി.ടെക് വിദ്യാർഥി പറത്തിയ ഡ്രോണിൽ ഇവരുടെ ചിത്രം പതിയുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ച നാലോടെയാണ് തമ്പാൻകടവ് അറപ്പതോടിന് സമീപത്തുനിന്ന് തമ്പാൻകടവ് സ്വദേശി ചെമ്പാടൻ കുട്ടെൻറ (60) ഉടമസ്ഥതയിലുള്ള പറശ്ശിനിക്കടവ് മുത്തപ്പൻ വഞ്ചിയിൽ കുട്ടൻപാറൻ സുബ്രഹ്മണ്യൻ (60), അറക്കവീട്ടിൽ ഇക്ബാൽ (50), ചെമ്പനാടൻ വിജയൻ (55) എന്നിവർ മത്സ്യബന്ധനത്തിന് തിരിച്ചത്.
വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ ശക്തമായ കാറ്റ് വീശിയതോടെ വഞ്ചിയിലേക്ക് വെള്ളം കയറിത്തുടങ്ങി. കരയിൽനിന്ന് 11 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. രാവിലെ എട്ടരയോടെ മത്സ്യത്തൊഴിലാളികളിൽ ഒരാൾ തമ്പാൻകടവിലെ സുഹൃത്ത് ജയനെ വിവരമറിയിച്ചു. നാട്ടുകാർ വാടാനപ്പള്ളി പൊലീസിനും വാടാനപ്പള്ളി പൊലീസ് അഴീക്കോട്, മുനക്കക്കടവ് തീരദേശ പൊലീസിനും പൊന്നാനി പൊലീസിനും വിവരം കൈമാറി. ഇതിനിടെ നാട്ടിക, തമ്പാൻകടവ്, ചേറ്റുവ ഹാർബർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്താൻ ഇറങ്ങിയെങ്കിലും പിന്നീട് തിരിച്ചുപോന്നു. സ്ഥലത്തെത്തിയ ഗീത ഗോപി എം.എൽ.എ തൃശൂർ ജില്ല കലക്ടർ എസ്. ഷാനവാസുമായി ബന്ധപ്പെട്ട് നേവിയുടെ സഹായം അഭ്യർഥിച്ചു. എറണാകുളം കലക്ടർക്ക് വിവരം കൈമാറിയെങ്കിലും ഹെലികോപ്ടർ തകരാറിലാണെന്ന് അറിയിച്ചു.
തെരച്ചിൽ വിഫലമായെന്ന പ്രതീതി തീരത്ത് പരക്കുന്നതിനിടെയാണ് തളിക്കുളം സെന്ററിലെ അമൂല്യ ജ്വല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയിൽ സുബിൻ തന്റെ മകനായ ദേവാംഗിനോട് സംഭവത്തെ കുറിച്ച് പറയുന്നത്. തന്റെ കൈയ്യിലുള്ള ഡ്രോൺ കാമറ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാനായിരുന്നു അച്ഛെന്റ നിർദേശം.
ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ ബി.ടെക് വിദ്യാർഥിയായ ദേവാംഗ് ഉച്ചയോടെ ഡ്രോണുമായി തമ്പാൻകടവിലെത്തി. സ്ഥലത്തുണ്ടായിരുന്ന വാടാനപ്പള്ളി എസ്.ഐ കെ.ജെ. ജിനേഷ് കടലിൽ ഇറങ്ങാൻ അനുമതി നൽകി. ആദ്യമായി കടലിൽ പോകുന്നതിന്റെ ആശങ്ക ഉണ്ടായിരുന്നെങ്കിലും നാലുജീവനുകളെ കുറിച്ച് ഓർത്തപ്പോൾ അതൊക്കെ പമ്പ കടന്നു.
വിഷ്ണുമായ വഞ്ചിയിലാണ് ഡ്രോണുമായി ദേവാംഗ് യാത്ര തിരിച്ചത്. മത്സ്യത്തൊഴിലാളികൾ നൽകിയ നിർദേശമനുസരിച്ച് വിവിധ ഭാഗങ്ങളിലേക്ക് ഡ്രോൺ പറത്തി. ഇതിനിടെ നാലുപേരെുടെയും ദൃശ്യങ്ങൾ കാമറ പകർത്തി. പ്ലാസ്റ്റിക് ടാങ്ക്, കന്നാസ്, ബക്കറ്റ്, പങ്കായം എന്നിവയിൽ പിടിച്ചുകിടക്കുകയായിരുന്നു ഇവർ. രണ്ട് വഞ്ചികളിലായി ഇവരെ കരയിലെത്തിച്ച് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരും അപകടനില തരണംചെയ്തു.
ശക്തമായ കാറ്റ് മൂലം ഡ്രോൺ പറത്താൻ ഏറെ ബുദ്ധിമുട്ടിയെന്ന് ദേവാംഗ് പറയുന്നു.. പറത്തുന്നതിനേക്കാൾ പ്രയാസമായിരുന്നു ബോട്ടിലേക്ക് ഡ്രോൺ തിരികെ ലാൻഡ് ചെയ്യിക്കുക എന്നത്.. അൽപം കൂടി വൈകിയിരുന്നെങ്കിൽ ഇവരെ ജീവനോടെ കിട്ടുമായിരുന്നില്ലെന്ന് ദേവാംഗ് പറയുന്നു.
മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വഞ്ചി കടലിൽ തിരയിൽപ്പെട്ട് മറിഞ്ഞപ്പോൾ തീരത്ത് കാത്തുനിന്നത് ജനപ്രതിനിധി സംഘം. ഗീതാ ഗോപി എം.എൽ.എക്ക് പുറമെ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. പ്രസാദ്, നാട്ടിക, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.ആർ. ദിനേശൻ, പി.ഐ. സജിത, പഞ്ചായത്ത് അംഗം മെഹബൂബ്, ധീവരസഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാങ്ങാട്ട്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഭഗീഷ് പൂരാടൻ, വിവിധ സംഘടന നേതാക്കളായ എ.കെ. ചന്ദ്രശേഖരൻ, കെ.ജി. രാധാകൃഷ്ണൻ, സി.ആർ. രാജേഷ് എന്നിവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.