ലോകത്തെ ലോക്ഡൗണിലാക്കിയ മഹാമാരിയായിരുന്നു കോവിഡ്-19. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡ് രണ്ടു മാസത്തിനുള്ളിൽ ലോകം മുഴുവൻ പടർന്നു. 2020 ജനുവരി 11നാണ് ലോകത്തെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. അതും വുഹാനിലായിരുന്നു. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 41 പേരിലൊരാളായ ഒരു 61കാരൻ. അത്യസാധാരണമായ ന്യൂമോണിയയുടെ രൂപത്തിലാണ് അയാളെ മരണം കൊണ്ടുപോയത്. ലോകത്തെ ആശങ്കയുടെ മുൾമുനയിലേക്ക് നയിച്ച ആ മരണത്തിന് ഇന്നേക്ക് അഞ്ചുവർഷം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അതിനുശേഷം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത് 71 ലക്ഷം പേരാണ്. ഇത് വെറും ഔദ്യോഗിക കണക്ക്; യഥാർഥ മരണ സംഖ്യ ചുരുങ്ങിയത് ഒന്നേകാൽ കോടിയെന്നാണ് പല സംഘടനകളും വിലയിരുത്തിയിട്ടുള്ളത്.
ലോകത്ത് 77.7 കോടി ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. അഞ്ചുവർഷത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 70,79,587 എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡാഷ് ബോർഡ് പ്രകാരമുള്ള കണക്ക്. ഇതിൽ 500 എണ്ണം കൂടാനും സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്- 12 ലക്ഷം. ബ്രസീലിൽ ഏഴുലക്ഷവും ഇന്ത്യയിൽ 5.34 ലക്ഷവുമാണ് മരണ സംഖ്യ.
കോവിഡ് ഇപ്പോഴുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2024 ഡിസംബർ 22 മുതലുള്ള ഏഴു ദിവസത്തിനിടെ, ലോകത്ത് 36,544 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് തൊട്ടുമുമ്പുള്ള കോവിഡ് കേസിനെക്കാൾ 13,539 എണ്ണം കുറവാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ 1.88 ലക്ഷം പേർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. നവംബറിൽ ഇത് 1.81 ലക്ഷം ആയിരുന്നു. അഥവാ, ലോകത്ത് കോവിഡ് കേസുകൾ നിലച്ചിട്ടില്ല. എന്നാൽ, നന്നേ കുറഞ്ഞു.
2024ലെ അവസാന ആഴ്ചയിൽ ലോകത്ത് 455 പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ അത് 570 ആയിരുന്നു. ഒരു മാസത്തിനിടെ 2307 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നവംബറിൽ 2944 ആണ് കോവിഡ് മരണം. ഇപ്പോഴും ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് അമേരിക്കയിലാണ്. ഡിസംബറിൽ അവിടെ 1700 പേർ മരിച്ചു; ഇന്ത്യയിൽ ഒരാളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.