നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഷാർജയിലേക്ക് പുറപ്പെട്ടവർ ഷാർജയിലെ കൊടുംമഞ്ഞിനെ തുടർന്ന് മസ്കത്ത്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലായി മണിക്കൂറുകൾ വലഞ്ഞു. പ്രകോപിതരായ യാത്രക്കാർ ഒരു മണിക്കൂറിലേറെ വിമാനത്തിൽനിന്ന് ഇറങ്ങാതെ നെടുമ്പാശ്ശേരിയിൽ പ്രതിഷേധിെച്ചങ്കിലും പൊലീസ് അനുനയിപ്പിച്ച് വിമാനത്തിൽനിന്ന് ഇറക്കി.
ശനിയാഴ്ച രാത്രി 9.30 ന് പുറപ്പെട്ട ജെറ്റ്എയർവേസ് വിമാനം ഷാർജ സമയം രാത്രി 12.05 നാണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, അവിടെ കനത്ത മൂടൽമഞ്ഞ് തടസ്സമായി. തുടർന്ന് മസ്കത്തിലേക്ക് തിരിച്ചുവിട്ടു. പുലർച്ച 7.45 വരെ യാത്രക്കാർ വിമാനത്തിൽതന്നെ ഇരിക്കുകയായിരുന്നു. കാലാവസ്ഥ ചതിച്ചതായതിനാൽ ഹോട്ടലിലേക്കും മറ്റും മാറ്റാൻ കഴിയില്ലെന്ന നിലപാടായിരുന്നു വിമാനക്കമ്പനിയുടേത്. പുലർച്ച മസ്കത്തിൽനിന്ന് ഷാർജയിലേക്കു തിരിച്ചുപറക്കാൻ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. തുടർന്നാണ് രാവിലെ 11.10 ഓടെ വീണ്ടും കൊച്ചിയിലേക്ക് വന്നത്. ദുബൈയിലേക്ക് വേറെ യാത്രക്കാരുമായി പോകേണ്ടതിനാൽ ഇറങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും വിമാനം ഷാർജക്ക് പോകണമെന്ന് യാത്രക്കാർ നിർബന്ധം പിടിച്ചു.
ഇത് സാധ്യമല്ലെന്ന് വ്യക്തമാക്കിയതോടെയാണ് വിമാനത്തിൽ കുത്തിയിരുന്നത്. പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ അനുനയ ശ്രമത്തെ തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം യാത്രക്കാരെല്ലാം പുറത്തിറങ്ങി. ചില യാത്രക്കാരെ രാത്രി വിമാനങ്ങളിലായി ഷാർജക്ക് യാത്രയാക്കി. മറ്റുള്ളവരെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി യാത്രയാക്കും. ഭക്ഷണം നൽകിയെങ്കിലും രാത്രി പോകേണ്ട യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം നൽകിയില്ല. തുടർന്ന് പലർക്കും മണിക്കൂറുകളോളം വിമാനത്താവളത്തിനകത്തു തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.