ഭക്ഷണം വീട്ടുപടിക്കൽ, മൽസരം ഓൺലൈനിൽ

കമ്പനി മു​ദ്രയുള്ള ടീ ഷർട്ടും ധരിച്ച് വലിയ ഭക്ഷണബാഗ് പിന്നിൽവെച്ച് ഇരുചക്രവാഹനങ്ങളിൽ തലങ്ങും വിലങ്ങും പായുന്ന ഫുഡ് ഡെലിവറി ജീവനക്കാർ നഗരങ്ങളിലെയൂം നഗരപ്രാന്തങ്ങളിലെയും പതിവുകാഴ്ചയാണിപ്പോൾ. വീട്ടിലും ഓഫിസിലുമിരുന്ന് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതിനനുസരിച്ച് ഈ തൊഴിൽ ഉപജീവനമാർഗമാക്കി വിദ്യാർഥികളും യുവാക്കളും കൂടുതലായി രംഗത്തെത്തുകയും ചെയ്യുന്നു.

ഇരുന്നയിരിപ്പിൽ ഇഷ്ടഭക്ഷണം കിട്ടണമെന്ന്​ തോന്നിയാൽ ആദ്യം മനസ്സിൽ തെളിയും, ഓൺലൈൻ ഫുഡ്​ ഡെലിവറി പ്ലാറ്റ്​ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും. രാജ്യത്തിന്‍റെ ഭക്ഷണ വിതരണ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞ ഇരുകമ്പനികളും ഈ മേഖലയിലെ അതികായരാണ്​. കഴിഞ്ഞ സാമ്പത്തിക വർഷം സൊമാറ്റോയുടെ വരുമാനം 12,961 കോടി രൂപയായിരുന്നു. തൊട്ടടുത്തുതന്നെ സ്വിഗ്ഗിയുണ്ട്​, 11,634 കോടി രൂപ. ഓരോ സാമ്പത്തിക വർഷം കഴിയുന്തോറും മൊത്ത വരുമാനം കുതിച്ചുയരുകയാണ്​. പ്രാദേശികമായി നിരവധി ഓൺലൈൻ ആപ്പുകൾ വേറെയുമുണ്ട്.

വിശ്വാസവും വിശ്വസ്തതയും നിലനിർത്തിത്തന്നെ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും നിലവിലുള്ളവ​രെ പിടിച്ചുനിർത്താനും മത്സരിക്കുകയാണ്​ ഈ ബ്രാൻഡുകൾ. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്​തൃ മുൻഗണനകളും സാ​ങ്കേതിക മുന്നേറ്റവും ഫുഡ്​ ഡെലിവറി ബിസിനസിന്‍റെ വളർച്ചക്ക്​ ​അനുകൂല ഘടകങ്ങളാണ്​. വൻനഗരങ്ങളിൽ മാത്രമുണ്ടായിരുന്ന സ്വിഗ്ഗിയുടെ ‘ബോൾട്ട്​’ സേവനം കേരളത്തിൽ ഉൾപ്പെടെ 400ൽ ഏറെ നഗരങ്ങളിലേക്ക്​ വ്യാപിപ്പിച്ചിരിക്കുകയാണ്​.

‘ബോൾട്ടി’ലൂടെ ഓർഡറുകൾ 10 മിനിറ്റിൽ ഉപഭോക്താവിലേക്ക്​ എത്തിക്കും. രണ്ട്​ കിലോ മീറ്റർ ചുറ്റളവിലാണ്​ ഈ സേവനം ലഭ്യമാകുക. റസ്​റ്റാറന്‍റിന്​ തൊട്ടടുത്തുള്ള ഡെലിവറി ജീവനക്കാർ വഴി ഓരോ റസ്​റ്റാറന്‍റിലെയും തെരഞ്ഞെടുത്ത വിഭവങ്ങൾ (എളുപ്പം തയാറാക്കാൻ കഴിയുന്നവ) മാത്രമാണ്​ വിതരണം ചെയ്യുന്നത്​.

എളുപ്പത്തിൽ ലഭിക്കുന്ന തൊഴിൽ

ഇരുചക്ര വാഹനവും ഇൻറർനെറ്റ്​ ലഭ്യതയുള്ള ഫോണുമുണ്ടെങ്കിൽ, എളുപ്പത്തിൽ വരുമാനം കണ്ടെത്താൻ ആർക്കും കടന്നുചെല്ലാവുന്ന മേഖലയാണ്​ ഓൺലൈൻ ഫുഡ്​ ഡെലിവറി. ഇഷ്​ടമുള്ള സമയത്ത്​ ( ഫുൾടൈമായോ പാർട്​ ടൈമായോ) ജോലിചെയ്യാമെന്നതാണ്​ ഈ തൊഴിലിന്‍റെ പ്രത്യേകത. അധിക വരുമാനം ആഗ്രഹിക്കുന്നവരും കോളജ് വിദ്യാർഥികളുമാണ്​ പ്രധാനമായും ഇതിൽ ആകൃഷ്ടരാകുന്നത്​. തൊഴിൽരഹിതരായി കഴിയുന്നവർ താൽക്കാലിക വരുമാനത്തിനായി ഈ മേഖലയിലേക്ക്​ പ്രവേശിക്കുന്നു. കമ്പനികളാകട്ടെ, എത്രപേർ വന്നാലും അവരെ ​സ്വാഗതം ചെയ്യുന്നു..

ലളിതമായ രജിസ്​ട്രേഷൻ, പരിശോധന, പരിശീലനം എന്നീ പ്രക്രിയകളിലൂടെ ഓൺലൈൻ ഡെലിവറി ജീവനക്കാരനായി മാറാം. സ്ഥാപനത്തിന്‍റെ മൊബൈൽ ആപ്പിൽ സൈൻ അപ്​ ചെയ്യുന്നതോടെ രജിസ്​ട്രേഷനായി. വ്യക്തിഗത വിവരങ്ങളും വാഹന വിശദാംശങ്ങളും കമ്പനി​ പരിശോധിക്കും​. കമ്പനിയുടെ നയങ്ങൾ, നടപടിക്രമങ്ങൾ, സാ​ങ്കേതികവിദ്യ എന്നിവയിൽ പരിശീലനം നൽകുന്നതോടെ ഒരു ഓൺലൈൻ ഡെലിവറി പാർട്​ണർ കൂടി ജന്മമെടുക്കും. യൂനിഫോമിന്​ ഉൾപ്പെടെയുള്ള ചെലവുകൾ ജീവനക്കാരൻ വഹിക്കണം.

അതേസമയം, ഡെലിവറി ജീവനക്കാർ കൂടുന്നത്​ നിലവിലുള്ളവരുടെ വരുമാനം കുറയുന്നതിന്​ കാരണമാകും. ഓർഡർ ലഭിക്കാതെ വന്നാൽ സ്ഥിരവരുമാനവും പ്രതീക്ഷിക്കാനാവില്ല. എന്നാൽ, ജീവനക്കാർ കൂടുന്നതിന്​ ആനുപാതികമായി ഓർഡറുകളും വർധിച്ചുകൊണ്ടിരുന്നാൽ ഈ പ്രതിസന്ധി മറികടക്കാനാകുമെന്ന്​ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. വരുമാനം ഓരോ കമ്പനിയിലും ഏറിയും കുറഞ്ഞുമിരിക്കും. കൂടുതൽ വരുമാനം പ്രതീക്ഷിച്ച്​ ഒരു കമ്പനിയിൽനിന്ന്​ മറ്റൊന്നിലേക്ക്​ മാറുന്ന പ്രവണതയുമുണ്ട്​.

കമ്പനികളുടെ വരുമാനം

ഓൺലൈൻ ​ഭക്ഷണവിതരണ കമ്പനികൾക്ക്​ ഓരോ ഓർഡറിനും റസ്​റ്റാറന്‍റുകളിൽനിന്ന്​ കമീഷൻ ലഭിക്കുന്നു. ഓർഡർ തുകയുടെ 20 ശതമാനം മുതൽ മുകളിലേക്കാണ്​ മുൻനിര ആപ്പുകൾ കമീഷനെടുക്കുന്നത്​. കൂടാതെ, റസ്റ്റാറന്റുകൾക്ക്​ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനും ചെലവുണ്ട്​. വ്യക്തിഗതവും അല്ലാത്തതുമായ സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾ ലഭ്യമാണ്​. ഇതിൽ റസ്​റ്റാറന്‍റിന്​ അനുയോജ്യമായത്​ തെരഞ്ഞെടുക്കാം.

ഉപഭോക്താക്കളിൽനിന്ന്​ ഈടാക്കുന്ന ഡെലിവറി ചാർജാണ്​ മറ്റൊരു വരുമാന മാർഗം. നിശ്ചിത തുക വരെ സൗജന്യമായി വിതരണവും അതിനുമുകളിലാണെങ്കിൽ ചാർജ്​ ഈടാക്കുകയും ചെയ്യുന്ന രീതിയാണ്​ കണ്ടുവരുന്നത്​. പരസ്യങ്ങളിൽനിന്ന് കമ്പനികൾക്ക്​ വരുമാനം ലഭിക്കും. ആപ്പുകളുടെ ഹോംപേജിൽ ശ്രദ്ധിക്കപ്പെടുംവിധം റസ്​റ്റാറന്‍റുകളുടെ മെനു പ്രദർശിപ്പിക്കുന്നതിനാണ്​ നിരക്ക് ഈടാക്കുന്നത്​. മറ്റു പരസ്യങ്ങൾ വഴിയും കമ്പനികൾ വരുമാനം നേടുന്നു.

അടുത്തിടെയായി, കൂടുതൽ ലാഭം നേടാൻ ക്ലൗഡ്​ കിച്ചൺ സംരംഭങ്ങൾക്ക്​ തുടക്കംകുറിച്ചിട്ടുണ്ട്​. സ്വന്തമായി ഗുണനിലവാരമുള്ള ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുകയാണ്​ ഇതിലൂടെ ചെയ്യുന്നത്​. ക്ലൗഡ്​ കിച്ചണ് ആപ്പിന്‍റെ ഹോംപേജിൽ കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യും

സർക്കാർ ഇടപെടൽ

അപര്യാപ്തവും സ്ഥിരതയില്ലാത്തതുമായ വേതനം ലഭിക്കുന്നവരാണ്​ ഓൺലൈൻ ഡെലിവറി മേഖലയിൽ തൊഴിലെടുക്കുന്നവർ (ഗിഗ്​ വർക്കേഴ്​സ്​). കേരളത്തിൽ ഏകദേശം ഒരുലക്ഷത്തിലേറെ പേർ ഫുൾടൈം, പാർട്ട്​ടൈം വ്യവസ്ഥയിൽ ഗിഗ്​ വർക്കേഴ്​സായി ജോലി ചെയ്യുന്നതായാണ്​ കണക്കാക്കുന്നത്. യഥാർഥ കണക്ക്​ സർക്കാറിന്‍റെ പക്കൽപോലുമില്ല.

തൊഴിൽ നിയമങ്ങളുടെ ആനുകൂല്യമൊന്നും ലഭിക്കാത്ത ഇവർക്ക്​ കൃത്യമായ​ സേവന-വേതന വ്യവസ്ഥകൾ നിശ്ചയിക്കാൻ ഒരുങ്ങുകയാണ്​ സംസ്ഥാന സർക്കാർ. സമഗ്ര നിയമനിർമാണമാണ്​ ലക്ഷ്യം. ഇതിനായി പൊതുമാർഗനിർദേശങ്ങൾ സമർപ്പിക്കാൻ സാ​ങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്​. സംസ്ഥാന ലേബർ കമീഷണർ ചെയർമാനായി 26 അംഗ സമിതിക്കാണ്​ രൂപംനൽകിയത്​. സമിതിയുടെ റിപ്പോർട്ട്​ ലഭിച്ചശേഷം നിയമസഭയിൽ ബിൽ കൊണ്ടുവരാനാണ്​ നീക്കം.

ജീവനക്കാർക്ക്​ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനോ അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനോ കമ്പനികൾ തയാറാകുന്നില്ലെന്ന് ഓൺലൈൻ ​ഡെലിവറി വർക്കേഴ്​സ്​ യൂനിയൻ,​ ഓൾ ഇന്ത്യ ഗിഗ്​ വർക്കേഴ്​സ്​ യൂനിയൻ-സി.ഐ.ടി.യു, കേരള സ്​റ്റേറ്റ്​ ഗിഗ്​ വർക്കേ​ഴ്​സ്​ യൂനിയൻ തുടങ്ങിയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഡെലിവറി ജീവനക്കാരന്‍റെ ജോലി, വരുമാനം

പാലും പത്രവുംപോലെ അവശ്യസേവന മേഖലയായി മാറിയിരിക്കയാണ്​ ഓൺലൈൻ ഫുഡ്​ ഡെലിവറി. ഓർഡർപ്രകാരമുള്ള ഭക്ഷണം യഥാസമയം ഉപഭോക്​താക്കളിലെത്തിക്കുകയെന്നത് നിസ്സാരമെന്ന്​ തോന്നിക്കുമെങ്കിലും ബുദ്ധിമുട്ടേറിയ ജോലിയാണ്. വെയിലത്തും മഴയത്തും ഇരുചക്രവാഹനവുമായി കുതിച്ചുപായണം. 10-14 മണിക്കൂർ വരെയാണ്​ ഫുൾടൈം ജീവനക്കാരുടെ ജോലിസമയം. പാർട്ട് ടൈം 5-8 മണിക്കൂർ വരെയും. പാർട്ട് ടൈമിന്​ ഇൻസെൻറിവോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല.

നഗരപ്രദേശങ്ങളിലും പട്ടണങ്ങളിലും നിശ്ചിത സോൺ രൂപപ്പെടുത്തിയാണ്​ ഡെലിവറി ആപ്പുകൾ പ്രവർത്തിക്കുന്നത്​. ഈ സോണിൽ പ്രവേശിക്കുമ്പോഴേ ജീവനക്കാരന്​ ഓർഡറുകൾ ലഭിക്കുകയുള്ളൂ. സൊമാറ്റോ പോലുള്ള ചില ആപ്പുകൾ ഓർഡർ ലഭിച്ച റസ്​റ്റാറന്‍റിന്​ തൊട്ടടുത്ത്​ ആരാണോ അവരെയാകും ഡെലിവറിക്കായി നിയോഗിക്കുക. ചില റസ്​റ്റാറന്‍റുകൾക്ക് മുന്നിൽ​ ഡെലിവറി ബോയികൾ കൂട്ടമായി കാത്തുനിൽക്കുന്നത് ഇതുകൊണ്ടാണ്.

ഡെലിവറിക്കാർ​ ഒരേ സമയം ഉപഭോക്താക്കളുമായും റസ്​റ്റാറന്‍റുകളുമായും ആശയവിനിമയം നടത്തുന്നു​. ഫോണിൽ ഓർഡർ ലഭിക്കുമ്പോൾതന്നെ എത്രരൂപയാണ്​ ഡെലിവറി നിരക്ക്​, എവിടെനിന്ന്​ ഓർഡർ എടുക്കണം, എവിടെ കൊടുക്കണം തുടങ്ങിയ വിവരങ്ങൾ തെളിയും. ഓർഡർ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. എന്നാൽ, ഒന്നിലേറെ ഓർഡറുകൾ വേണ്ടെന്നുവെക്കുന്നത്​ ഇൻസെന്‍റിവിനെ ബാധിക്കും. കിലോമീറ്റർ കണക്കാക്കിയാണ്​ ഓരോ ഓർഡറിനുംപ്രതിഫലം കണക്കാക്കുന്നത്​.

മഴയത്താണ്​ ഭക്ഷണം കൊണ്ടുപോകുന്നതെങ്കിൽ ഡെലിവറി ചാർജ്​ ഇരട്ടിയോളം വർധിക്കാറുണ്ട്​. ചില കമ്പനികൾ അപകട ഇൻഷുറൻസ്​ നൽകുന്നതൊഴിച്ചാൽ കൂലിയല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല.. ഇൻസെന്‍റിവ്​ ലഭിക്കാനാകട്ടെ, മുഴുവൻ നേരം ജോലിയിൽ തുടരുക​യും നിശ്ചിത എണ്ണം ഓർഡർ പൂർത്തിയാക്കുകയും വേണം.

ചെയ്യുന്ന ജോലിക്ക്​ അനുസൃതമായി ഓരോ ദിവസത്തേയും വരുമാനം ആപ് വഴി അറിയാം. പക്ഷേ, പണം അക്കൗണ്ടിലെത്തുന്നത്​ രണ്ടുദിവസം കഴിഞ്ഞോ ഒരാഴ്ച കഴിഞ്ഞോ ആയിരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ആഘോഷ, അവധി ദിവസങ്ങളിലും കൂടുതൽ അളവിൽ ഓർഡർ ലഭിക്കുന്നതിനാൽ വരുമാനത്തിലും വർധനയുണ്ടാകും.

നിലവിൽ അഞ്ച് കിലോമീറ്റർ വരെ 25 രൂപയും തുടർന്നുള്ള ഒരു കിലോമീറ്ററിന് ഏഴു രൂപ തോതിലുമാണ് ഏകദേശം ലഭിക്കുന്നത്​. ദിവസം 150 കിലോ മീറ്ററിലേറെ വാഹനമോടിച്ചാലാണ്​ 1000 രൂപയെങ്കിലും ലഭിക്കുന്നത്​. ഇതിൽ ഇന്ധനച്ചെലവിനു​തന്നെ വലിയൊരു തുകയാകും. മറ്റു ചെലവുകളും കഴിഞ്ഞാൽ ബാക്കി തുക ജീവിക്കാൻ തികയില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർ കൂടിയതിനാലും ചെലവ് വർധിച്ചതിനാലും ഓരോ വർഷവും വരുമാനം കുറഞ്ഞുവരുകയാണ്​.

മിനിമം നിരക്ക് 30 രൂപയും തുടർന്ന് ഓരോ കിലോമീറ്ററിനും 10 രൂപ വീതവും ലഭിച്ചാലേ ഈ മേഖലയിൽ നിലനിന്ന്​ പോകാൻ കഴിയുകയുള്ളൂവെന്നാണ് ഇവർ പറയുന്നത്​. ഫുൾ ടൈം ജീവനക്കാർക്ക്​ 1500 രൂപ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.

ഭക്ഷണവുമായി വരുന്ന ഡെലിവറി ജീവനക്കാരന്​ തന്‍റെ ഓർഡറിലൂടെ എത്ര രൂപ കൂലിയായി ലഭിക്കുമെന്ന്​ ഉപഭോക്താവിന്​ അറിയാൻ കഴിയില്ല. ചിലർ ടിപ്​ നേരിട്ട്​ കൊടുക്കും. ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ആപ്പിൽ ടിപ് ചേർക്കുന്നവരുമുണ്ട്​. പക്ഷേ, ഇത്​ ഡെലിവറി ജീവനക്കാരന്​ കമ്പനികൾ നൽകാറുണ്ടോയെന്ന്​ ഉറപ്പുപറയാനാകില്ല.

ഒരു ഫുൾടൈം ജീവനക്കാ​രന്‍റെ ഏകദേശ വരുമാനം ഇങ്ങനെയാണ്​: പ്രതിദിന വരുമാനം 600-1000, പ്രതിവാര വരുമാനം 6,000-7,000, പ്രതിമാസ വരുമാനം 25,000-30,000. ഇത്രയും വരുമാനം ലഭിക്കാൻ മുഴുവൻ സമയം ജോലി ചെയ്യുന്നതിന്​ പുറമെ, 15 മുതൽ 20 വരെ ഓർഡർ ദിവസം ലഭിക്കുകയും വേണം.

സൊമാറ്റോക്ക്​ 351 കോടി അറ്റാദായം

സൊമാറ്റോയും സ്വിഗ്ഗിയും ഓൺലൈൻ ഫുഡ്​ ഡെലിവറിയിൽ വൻകിടക്കാരായി വളർന്നത് വൻ മുതൽമുടക്കിലൂടെയാണ്​. പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ)പൂർത്തിയാക്കി സൊമാറ്റോ നേരത്തേ ലി​സ്റ്റഡ് കമ്പനിയായി മാറിയെങ്കിലും അടുത്തിടെയാണ്​ സ്വിഗ്ഗിക്ക്​ ഐ.പി.ഒ അനുമതി ലഭിച്ചത്​.

ഓരോ വർഷവും മൊത്ത വരുമാനത്തിൽ വൻവളർച്ചയിലാണ്​ രണ്ട്​ കമ്പനികളും. എന്നാൽ, അറ്റാദായം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം​ സൊമാറ്റോ ആദ്യമായി അറ്റാദായം (351 കോടി രൂപ) നേടി​. 2022-23 ൽ 971 കോടിയും 2021-22 ൽ 1222 കോടിയും നഷ്ടമായിരുന്നു സൊമാറ്റോക്ക്. സ്വിഗ്ഗിക്ക്​ നഷ്ടത്തിൽനിന്ന്​ കരകയറാനായിട്ടില്ല. എന്നാൽ, നഷ്ടം കുറച്ചുകൊണ്ടുവരാൻ കഴിയുന്നുണ്ട്​.

2023-24 സാമ്പത്തിക വർഷത്തിൽ 2350 കോടി രൂപയും 2022-23ൽ 4179 കോടിയും 2021-22ൽ 3629 കോടിയുമാണ്​ സ്വിഗ്ഗിയുടെ നഷ്ടക്കണക്ക്​.

മൊത്തം വരുമാനം (രൂപയിൽ)

വർഷം,   സൊമാറ്റോ ,    സ്വിഗ്ഗി

2023-24    12,961 കോടി   11,634 കോടി

2022-23    7761 കോടി      8714 കോടി

2021-22    4687 കോടി      6120 കോടി

ഗ്രോസ് ഓർഡർ വാല്യു (ജി.ഒ.വി)

ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിലെ ഏറ്റവും പ്രധാന അളവുകോലാണ് ഗ്രോസ് ഓർഡർ വാല്യു (ജി.ഒ.വി). കമ്പനിയുടെ പ്ലാറ്റ്ഫോമിലൂടെ നൽകുന്ന എല്ലാ ഓർഡറുകളുടെയും ആകെത്തുകയുടെ (മൊത്തം ഇടപാട്​) മൂല്യം. ഡെലിവറി ചാർജുകൾ, ഓഫറുകൾ, നികുതി എന്നിവയെല്ലാം ഉൾപ്പെട്ട നിരക്ക്​. എന്നാൽ, ഇതിനെ യഥാർഥ വരുമാനമായി കണക്കാക്കാനാകില്ല. വിതരണം, കമീഷൻ തുടങ്ങിയ ചെലവുകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നതാണ്​ കാരണം.

സൊമാറ്റോയുടെ 2023-24 സാമ്പത്തിക വർഷത്തെ ജി.ഒ.വി 32,224 കോടി രൂപയാണ്​. 18 ശതമാനം വാർഷിക വളർച്ച. 2022-23ൽ 26,305 കോടിയും 2021-22ൽ 21,297 കോടിയും ആയിരുന്നു. സ്വിഗ്ഗിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ജി.ഒ.വി 24,177 കോടിയാണ്. 13 ശതമാനം വളർച്ച. 2022-23ൽ 21,517 കോടിയും 2021-22ൽ 18,479 കോടിയും ആയിരുന്നു. 

ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനത്തിന്‍റെ പ്രവർത്തനം

റസ്റ്റാറന്‍റുകൾക്ക് കൂടുതൽ വരുമാനം നേടാനുള്ള അവസരമാണ്​ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുറന്നുനൽകിയത്​. ഓരോ റസ്റ്റാറന്‍റും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ എൻറോൾ ചെയ്യുന്നതോടെ ഫുഡ്​ ​ഡെലിവറി സംവിധാനത്തിന്‍റെ ഭാഗമായി മാറുന്നു.​ റസ്റ്റാറന്‍റ്​ ഓപ്ഷനുകൾ കൂടുതലുള്ള ഫുഡ്​ ഡെലിവറി ആപ്പുകളാണ്​ ഏറ്റവും അധികം ഉപഭോക്തൃ ശ്രദ്ധ നേടുന്നത്​. തുടർന്ന്​ റസ്‌റ്റാറൻറുകൾ അവരുടേതായ വിഭവങ്ങൾ വിലയോടൊപ്പം ചിത്രസഹിതം അപ്​ലോഡ്​ ചെയ്യുന്നു. ഉപഭോക്താക്കൾ ആപ്പിലൂടെ ഇത്​ കണ്ട്​ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യുന്നു​. ഉപഭോക്താവിന്‍റെ ലൊക്കേഷൻ ജി.പി.എസ്​ വഴി റെക്കോഡ്​ ചെയ്യുന്നതോടെ​ റസ്​റ്റാറന്‍റിന്​ ഓർഡർ അലർട്ട്​ ലഭിക്കും. റസ്റ്റാറന്‍റ്​ ഓർഡർ സ്വീകരിക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് ഓർഡർ അറിയിപ്പുകൾ ലഭിക്കും. ഭക്ഷണം തയാറാക്കലാണ് അടുത്ത ഘട്ടം​.

ഈ സമയം ആപ് ഡെലിവറി ജീവനക്കാർക്ക് ഉപഭോക്താവിനെ സംബന്ധിക്കുന്ന​ പിക്-അപ് അലർട്ട്​ (ഡെലിവറി നിരക്ക്​ ഉൾപ്പെടെ) അയക്കും. ഇതു​ ലഭിക്കുന്ന ഡെലിവറി ജീവനക്കാരൻ റസ്റ്റാറന്‍റിൽനിന്ന്​ എടുത്ത്​ ഉപഭോക്താവിന്​ എത്തിക്കുന്നു. ഉപഭോക്താക്കൾക്ക് ട്രാക്ക് ചെയ്യുന്നതിലൂടെ ഓർഡർ നില അറിയാനും കഴിയും. ഉപഭോക്താവിന് ഭക്ഷണം ലഭിച്ചശേഷം അതിന്‍റെ ഗുണനിലവാരത്തെക്കുറിച്ചും ഡെലിവറി സേവനത്തെക്കുറിച്ചും റേറ്റിങ്ങും അവലോകനങ്ങളും നൽകാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്​.

ശരാശരി പ്രതിമാസ ഇടപാട്​

ഒരു മാസത്തിനിടെ ഒരു തവണ എങ്കിലും ഓർഡർ നൽകുന്ന ഇടപാടുകാരുടെ ശരാശരി കണക്കാക്കിയാണ് ഫുഡ്​ ഡെലിവറി പ്ലാറ്റ്ഫോം എത്രത്തോളം ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്​ അറിയാൻ കഴിയുന്നത്​.​   

വർഷം സൊമാറ്റോ സ്വിഗ്ഗി

2023-24    1.84 കോടി   1.27 കോടി

2022-23    1.7 കോടി     1.16 കോടി

2021-22    1.47 കോടി    98 ലക്ഷം

മോശം ഭക്ഷണം​? പരിഹാരമുണ്ട്​

ഓൺലൈനായി ഓർഡർ ചെയ്തിട്ട്​ മോശം ഭക്ഷണമാണ്​ ലഭിക്കുന്നതെങ്കിൽ പരാതി നൽകാൻ ആപ്പുകൾക്കുള്ളിലും സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കാനും സംവിധാനമുണ്ട്​. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്​.എസ്​.എസ്​.എ.ഐ) ആണ് ഈ ഏജന്‍സി. https://foscos.fssai.gov.in/consumergrievance/ എന്ന ലിങ്കില്‍ പ്രവേശിച്ച്​ ലോഗിന്‍ ചെയ്യണം. അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം രജിസ്റ്റര്‍ ന്യൂ കംപ്ലെയ്ന്‍റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്​ വിവരങ്ങൾ നൽകിയാണ്​ പരാതി സമര്‍പ്പിക്കേണ്ടത്​. ഇതിനുശേഷം ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ സ്ഥിതി പരിശോധിക്കാനുമാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റിയുടെ 1800112100 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചും പരാതി നല്‍കാം. ഉപഭോക്തൃ ഫോറത്തിലും പരാതി സ്വീകരിക്കും.

Tags:    
News Summary - Food at home, competition online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.