രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബ് യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകള്‍ ഉടന്‍ തന്നെ സജ്ജമാകുമെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ മെഡിക്കല്‍ കോളജുകളും ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 13 ജില്ലകളില്‍ കാത്ത് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലും കാത്ത് ലാബ് സജ്ജമാക്കുന്നതാണ്. ഇത് കൂടി യാഥാർഥ്യമാകുന്നതോടെ രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും.

ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന് കീഴില്‍ കാത്ത് ലാബ് സജ്ജമാക്കുക എന്നുളളതെന്നും മന്ത്രി വ്യക്തമാക്കി.

സെപ്റ്റംബര്‍ 29 നാണ് ലോക ഹൃദയദിനമായി ആചരിക്കുന്നത്. ഹൃദയം കൊണ്ട് നമുക്ക് പ്രവര്‍ത്തിക്കാം (Use Heart for Action) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചികിത്സ തേടുന്നതിനും ബോധവത്ക്കരിക്കുന്നതിനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനും എല്ലാവരും സന്നദ്ധരായി ഇറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഹൃദയാരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളാണ് രക്താതിമര്‍ദവും പ്രമേഹവും. ഇവ നിയന്ത്രിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലൂടെയും നടപ്പിലാക്കി വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂതന പദ്ധതിയായ ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയിലൂടെ സമൂഹത്തിലുള്ള എല്ലാ വ്യക്തികളുടെയും ജീവിതശൈലി രോഗങ്ങള്‍ കുറച്ച് കൊണ്ടുവരാനുള്ള ഒരു സർവേ നടത്തിവരുന്നു.

ശൈലി ആപ്ലിക്കേഷനിലൂടെ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ ഒന്നര കോടിയിലധികം പേരേയും രണ്ടാംഘട്ടത്തില്‍ 30 ലക്ഷത്തോളം പേരേയും സ്‌ക്രീനിങ്ങിന് വിധേയരാക്കാന്‍ സാധിച്ചു. പ്രമേഹം, തക്താതിമര്‍ദം തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരെ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ഇത്തരം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യത കുറക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത.

സമൂഹത്തിലെ ഈ വലിയൊരു വിപത്ത് മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുന്നതിനും കുറച്ച് കൊണ്ടുവരുന്നതിനും സാധിക്കുന്നു. ഹൃദയം മാറ്റിവെക്കാന്‍ ശസ്ത്രക്രിയ, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഉള്‍പ്പെടെയുള്ള നൂതന ഹൃദയ ചികിത്സാരീതികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. ഹാര്‍ട്ട് ഫെയിലര്‍ ക്ലിനിക്കുകള്‍, ഹാര്‍ട്ട് വാല്‍വ് ബാങ്കുകള്‍ തുടങ്ങിയ നൂതന ആശയങ്ങള്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കാന്‍ ലക്ഷ്യം വെക്കുന്ന പദ്ധതികളാണെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - For the first time in the country, Cath Lab is a reality in every district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.