കേരളത്തിൽ 3,213.24 ചതുരശ്ര കിലോമീറ്ററാണ് വനമേഖല. ഭൂവിസ്തൃതിയുടെ 27.83 ശതമാനവും പ്രകൃതി സമ്പത്തായ വനം. സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിലെ വനവിസ്തൃതി ഗണ്യമായി കുറഞ്ഞ്, ഇവിടം അധിനിവേശ സസ്യങ്ങൾ പിടിമുറുക്കി കാട് കാടല്ലാതാകുകയാണ്. വനം കൈയേറി നടത്തിയ ഇടപെടലുകള്‍ ഉരുള്‍പൊട്ടലും മറ്റ് പ്രകൃതി ദുരന്തങ്ങളും വർധിക്കുന്നതിന് കാരണമായെന്ന വിലാപത്തിന് ഏറെ പഴക്കമുണ്ട്. അപകടകരമാംവിധം ജൈവവൈവിധ്യ ഭീഷണി നേരിടുന്ന സ്ഥലങ്ങൾ നിരവധിയാണ്. കൂടാതെ അപൂർവമായതും വംശനാശ ഭീഷണി നേരിടുന്നതുമായ ആവാസവ്യവസ്ഥകളും.
നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ കർണാടകയിലും തമിഴ്നാട്ടിലുമുള്ള സംരക്ഷിത വനപ്രദേശങ്ങളിലും അട്ടപ്പാടി, ഇടുക്കി എന്നിവിടങ്ങളിലെല്ലാം വിദേശ സസ്യങ്ങളുടെ വ്യാപനം വനമേഖലയുടെ സ്വാഭാവികതയെ ബാധിച്ചതായാണ് വിലയിരുത്തൽ. വെട്ടിമാറ്റിയും തൊലി ചെത്തി ഉണക്കിയും രാസ വസ്തു സ്പ്രേ ചെയ്തും ഇവ നശിപ്പിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം ഇതു വരെ കാര്യമായ ഗുണം ചെയ്തിട്ടില്ല. അതിനെയെല്ലാം അതിജീവിച്ച് വിദേശ സസ്യങ്ങൾ വനം കീഴടക്കുകയാണ്.
കേരളത്തിലെ വന മേഖലക്ക് 1000 ആനകളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഉള്ളൂവെങ്കിൽ 2011ലെ കണക്കനുസരിച്ച് ആറുമടങ്ങ് കൂടുതലാണ് ഇവയുടെ എണ്ണം. വനമേഖലയുടെ വിസ്തൃതി കുറയുകയും വന്യമൃഗങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടാവുകയും ചെയ്തതോടെ വനജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിഞ്ഞു. ഭക്ഷണത്തിനും ജലത്തിനും ദൗർലഭ്യം നേരിടുകയും ചെയ്തു. തദ്ദേശ വനങ്ങളുടെയും സസ്യങ്ങളുടെയും വളർച്ച മുരടിക്കുക കൂടി ചെയ്തതോടെ വയനാട് പോലുള്ള വന സമ്പുഷ്ടമായ നാട്ടിൽ ആനയും കടുവയും പുലിയും കാട്ടുപോത്തും കരടിയും മാനുമെല്ലാം ഭക്ഷണം തേടി വനത്തിന് വെളിയിലേക്ക് ഇറങ്ങി. കാടും നാടും വേർതിരിച്ചെടുക്കാൻ പോലും കഴിയാത്ത രീതിയിൽ ആവാസ വ്യവസ്ഥകൾ തകിടം മറിഞ്ഞുതുടങ്ങി.
ഏകവിള തോട്ടങ്ങൾ
സ്വാഭാവിക വനങ്ങളെ വെട്ടിനശിപ്പിച്ച് ഉണ്ടാക്കിയ ഏകവിള തോട്ടങ്ങളും വനത്തിന്റെ സന്തുലിതാവസ്ഥയെ കാര്യമായി ബാധിച്ചു. വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണം വനത്തിനുള്ളിൽ നിന്ന് തന്നെ ലഭിക്കാതിരിക്കാൻ ഏക വിള തോട്ടങ്ങൾ കാരണമാകുന്നുണ്ട്. വ്യാവസായിക വികസനത്തിനുവേണ്ടി 1950 മുതല്‍ 1980കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് ഉണ്ടാക്കിയതാണ് വയനാട്ടിലെ ഏകവിളത്തോട്ടങ്ങള്‍. സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലായി ഏകദേശം 200 ചതുരശ്ര കിലോമീറ്റർ തേക്ക്, യൂക്കാലിപ്റ്റസ്, കാറ്റാടി തോട്ടങ്ങളുണ്ട്. വന്യജീവി സങ്കേതത്തില്‍ 101.48 ചതുരശ്ര കിലോമീറ്ററും ഏകവിളത്തോട്ടമാണ്.
വന്യ ജീവികൾ കാടിറങ്ങുന്നതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് സ്വാഭാവിക വനം നശിപ്പിച്ച് ഏകവിളത്തോട്ടങ്ങൾ സൃഷ്ടിച്ചതാണെന്ന് പറയുന്നു. അവയെ സ്വാഭാവിക വനങ്ങളാക്കി മാറ്റണമെന്നുമുള്ള ആവശ്യവുമായി വർഷങ്ങളായി നിരവധി സംഘടനകൾ രംഗത്തുണ്ട്. വയനാട്ടിൽ തിരുനെല്ലി പഞ്ചായത്തിലാണ് ഏകവിള ത്തോട്ടങ്ങൾ ഏറ്റവും കൂടുതൽ. വനാതിര്‍ത്തി പ്രദേശങ്ങളിലെ വര്‍ധിച്ച വന്യജീവി ശല്യത്തിനും വേനലിലെ ജലക്ഷാമത്തിനും മുഖ്യകാരണങ്ങളില്‍ ഒന്ന് ഇവയുടെ ആധിക്യമാണെന്ന് വനസംരക്ഷണ രംഗത്തുള്ളവര്‍ പറയുന്നു. ഇതു കാരണം വേനലിൽ വനത്തിനുള്ളിൽ കുടിവെള്ളം കിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നു.
(നാളെ :വയനാട്ടിൽ 23 ഇനം അധിനിവേശ സസ്യങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.