ബേപ്പൂർ (കോഴിക്കോട്): മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന പരമ്പരാഗത മീൻപിടിത്ത യാനങ്ങൾക്ക് ആശ്വാസമായി മണ്ണെണ്ണ എൻജിനുകൾ മാറ്റി പെട്രോൾ-ഡീസൽ എൻജിനാക്കുന്ന പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. ഇതിനായി ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപയുടെ പദ്ധതി സർക്കാറിന് സമർപ്പിച്ചു.
ദിനംപ്രതി മണ്ണെണ്ണക്ഷാമം രൂക്ഷമാകുകയും വില കുതിച്ചുകയറുകയും കടൽ മലിനീകരണ സാധ്യത വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഘട്ടംഘട്ടമായി എൻജിനുകൾ പെട്രോളിലേക്കും ഡീസലിലേക്കും മാറ്റാൻ നീക്കം തുടങ്ങിയത്. ഇതിനായി മീൻപിടിത്ത യാനങ്ങൾക്ക് 'മോട്ടോറൈസേഷൻ സബ്സിഡി' ആവിഷ്കരിക്കും.
മണ്ണെണ്ണയുടെ വിലക്കയറ്റത്തിൽ മത്സ്യബന്ധനം ദുരിതക്കയത്തിലായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയാണിത്. മത്സ്യഫെഡിനാണ് നിർവഹണച്ചുമതല. നിലവിലുള്ള എൻജിൻ കാർബറേറ്ററുകൾ മാറ്റിയും പുതിയ എൻജിനുകൾ വാങ്ങിയുമാണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തിൽ 325 യാനത്തിന്റെ എൻജിൻ കാർബറേറ്ററുകൾ മാറ്റും. 115 യാനങ്ങൾക്ക് പുതിയ എൻജിനും സ്ഥാപിക്കും. കാർബറേറ്റർ മാറ്റത്തിന് ഒരു എൻജിന് 15,000 രൂപയാണ് ചെലവ്. ഇതിന് 13,500 രൂപ സബ്സിഡി നൽകും. പുതിയ എൻജിൻ മാറ്റിസ്ഥാപിക്കാൻ 40,000 രൂപയാണ് സബ്സിഡി.
സംസ്ഥാനത്ത് നിലവിൽ 15,000 മണ്ണെണ്ണ എൻജിനും 5000 പെട്രോൾ എൻജിനും പ്രവർത്തിക്കുന്നുണ്ട്. 9.9 കുതിരശക്തിയുള്ള മണ്ണെണ്ണ എൻജിൻ ഒരുമണിക്കൂർ പ്രവർത്തിപ്പിക്കാൻ എട്ടു ലിറ്റർ മണ്ണെണ്ണ വേണം. എന്നാൽ, പെട്രോൾ എൻജിന് മൂന്നര ലിറ്ററും ഡീസൽ എൻജിന് രണ്ടര ലിറ്ററും മതി.
ഒരു യാനത്തിന് ശരാശരി 500 ലിറ്റർ മണ്ണെണ്ണയാണ് മാസത്തിൽ ആവശ്യമാകുന്നത്. ഇതിന് ഏകദേശം 58,000 രൂപ ചെലവ് വരും. എന്നാൽ, പെട്രോൾ എൻജിന് 218 ലിറ്ററും ഡീസൽ എൻജിന് 156 ലിറ്ററുമാണ് വേണ്ടത്. ഇതിന് യഥാക്രമം 23,390 രൂപയും 14,820 രൂപയുമാണ് ചെലവ് വരുക.
രണ്ട് സ്ട്രോക് പെട്രോൾ എൻജിനുകളുടെ ഉപയോഗം വഴി പ്രതിമാസം 11,241 രൂപയും നാല് സ്ട്രോക് പെട്രോൾ എൻജിൻ ഉപയോഗം വഴി 34,610 രൂപയും ഫിഷറീസ് വകുപ്പിന്റെ പുതിയ പദ്ധതിയിലൂടെ മിച്ചംപിടിക്കാം. ഡീസൽ എൻജിനുകൾ ഉപയോഗിച്ചാൽ പ്രതിമാസം 43,108 രൂപയുടെ നേട്ടമുണ്ടാകും.
മണ്ണെണ്ണക്ക് 114 മുതൽ 120 രൂപ വരെയാണ് ലിറ്ററിന് വില. നിലവിൽ ലഭ്യമാകുന്ന ഡീസൽ എൻജിന്റെ ഷാഫ്റ്റ് എട്ടടിവരെ പുറത്തേക്ക് തള്ളിനിൽക്കും. ഇത് മീൻപിടിത്തവലയിലും മറ്റും തട്ടി പ്രൊപല്ലർ ഒടിയാൻ ഇടയാക്കും. ഇതിന് പകരമായി നീളംകുറഞ്ഞ പ്രൊപല്ലർ ഷാഫ്റ്റ് ഉപയോഗിച്ചുള്ള എൻജിനുകൾ ലഭ്യമാക്കാനാണ് പദ്ധതി.
മത്സ്യദൗർലഭ്യവും പ്രതികൂല കാലാവസ്ഥയും അനുബന്ധവസ്തുക്കളുടെ വിലക്കയറ്റവും കാരണം പൊറുതിമുട്ടുന്ന പരമ്പരാഗത മീൻപിടിത്തം മണ്ണെണ്ണ വിലക്കയറ്റത്തിൽ വലിയ പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.