തിരുവനന്തപുരം: മത്സ്യത്തിൽ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ വിഷാംശ രാസവസ്തുക്കളുടെ അമിതപ്രയോഗം കണ്ടെത്തുന്നതിന് പുതിയ സംവിധാനം ഉപയോഗിച്ച് പരിശോധന ശക്തമാക്കി. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ രാസവസ്തുക്കളുടെ ഉപയോഗം കണ്ടെത്തി. കൊച്ചിയിലെ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തയാറാക്കിയ ‘സിഫ് ടെസ്റ്റ്’പരിശോധന കിറ്റുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ ഫിഷറീസ്- ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ തിരുവനന്തപുരം പാളയം മത്സ്യമാർക്കറ്റിൽ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ എേട്ടാടെ നടത്തിയ പരിശോധനയിൽ മായം കണ്ടെത്താനായില്ല.
50 സ്ട്രിപ്പുകളുള്ളതാണ് ഒരു കിറ്റ്. മത്സ്യത്തിെൻറ പുറത്ത് സ്ട്രിപ് ഉരസിയ ശേഷം പ്രത്യേക ലായനി പുരട്ടി മായം കലന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിയുന്നതാണ് കിറ്റ്. മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ സ്ട്രിപ്പില്‍ നിറവ്യത്യാസം ഉണ്ടാവും. ഒരു സ്ട്രിപ്പിന് രണ്ടു രൂപയാണ് വില. വ്യവസായികാടിസ്ഥാനത്തില്‍ നിർമിക്കുമ്പോള്‍ വില ഇനിയും കുറയും. വ്യവസായികാടിസ്ഥാനത്തില്‍ നിർമിക്കാൻ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളിലെയും വിവിധ മാര്‍ക്കറ്റുകളില്‍ ഇതിനകം പരിശോധന നടത്തി. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന മത്സ്യത്തിലാണ് കൂടുതല്‍ മായം കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലൂടെ തുറമുഖങ്ങളില്‍നിന്ന് മത്സ്യമെടുത്ത് മാര്‍ക്കറ്റിലെത്തിക്കുന്ന സംവിധാനം പരിഗണനയിലാണ്. ബജറ്റില്‍ പ്രഖ്യാപിച്ച തീരദേശ പാക്കേജ് നടപ്പാക്കുന്നതിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ ഉപസമിതിയുണ്ടാക്കിയിട്ടുണ്ട്. മൂന്നു മാസത്തിനകം വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനു ശേഷം രാജ്യാന്തര ഏജന്‍സി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.