തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ 5 വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിർദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് 6 വയസ്സിന്
ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സിൽ ചേർക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സിൽ സ്‌കൂളിൽ ചേർക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ 6 വയസ്സിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസാക്കി മാറ്റാൻ നമുക്ക് കഴിയണം.
സംസ്ഥാനത്തത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന എല്ലാ പരീക്ഷകളും തികഞ്ഞ ഗൗരവത്തോടു കൂടിയും അതിന്റെ വിശ്വാസ്യത നിലനിർത്തിയുമാണ് നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പൊതുപരീക്ഷകളും ടേം പരീക്ഷകളും ഈ രീതിയിലാണ് നടത്തുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷകൾ തെരഞ്ഞെടുക്കപ്പെട്ട ചോദ്യകർത്താക്കളാണ് തയാറാക്കുന്നത്.
ഈ വർഷം പത്താം ക്ലാസ്സിലെ ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയത് 2 ദിവസം ശിൽപശാല നടത്തി അതിൽ മികവ് തെളിയിച്ചവരെ മാത്രമാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ ചോദ്യപേപ്പർ നിർമ്മാണം എസ്.സി.ഇ.ആർ.ടിയുടെ അക്കാദമിക മാർഗരേഖയും ഹയർ സെക്കണ്ടറി പരീക്ഷാ മാന്വലും പ്രകാരമാണ് തയ്യാറാക്കുന്നത്. ഓരോ വിഷയത്തിനും 4 സെറ്റ് വീതമുള്ള ചോദ്യ പേപ്പറുകൾ തയ്യാറാക്കിയതിൽ നിന്നും പരീക്ഷാ കമീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഒന്ന് തെരഞ്ഞെടുത്ത് പ്രിന്‍റ് ചെയ്യാൻ നൽകുകയാണ് ചെയ്യുന്നത്.
എന്നാൽ, പൊതു വിദ്യാഭ്യാസ ഡയറക്ടർ പോലും ചോദ്യങ്ങൾ കാണാൻ കഴിയില്ല എന്നതാണ് വസ്തുത. അതുമാത്രം രഹസ്യ സ്വഭാവത്തോടുകൂടിയാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കി നൽകുന്നത്. ഈ വർഷത്തെ ചില ചോദ്യപേപ്പറുകളിൽ ചില തെറ്റുകൾ സംഭവിച്ചു എന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിടുണ്ട്.
ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസ്സിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. പൊതു പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിർത്തിന്നതിന് വേണ്ടിയുള്ള നടപടികൾ ഉണ്ടാകും. അന്വേഷണത്തിന് ശേഷം പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുന്നതിന് പൊതു സമൂഹത്തിനോട് പറയാനുള്ളത് മാത്രം അറിയിക്കുകയും ആഭ്യന്തരമായ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിർണ്ണയം, ചോദ്യപേപ്പർ നിർമ്മാണം, പേപ്പറുകളുടെ മൂല്യനിർണ്ണയം, ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അധ്യാപകകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കൽ എന്നിവയും ഈ വർഷം തന്നെ നടപ്പിലാക്കും. ഇവക്കുളള വിശദമായ മാർഗ്ഗരേഖ ഏപ്രിൽ മാസം പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യ പേപ്പറുകളുടെ മാതൃകയും എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി പ്രസിദ്ധീകരിക്കും.
പരീക്ഷാരീതിയിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജപ്പെടുത്തും. സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മൂല്യനിർണയ രീതിശാസ്ത്രത്തിൽ സമൂലമായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ നിലവിലുള്ള സഹിതം മെന്‍ററിങ് പോർട്ടൽ പരിഷ്‌കരിക്കുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്ത് ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ രണ്ടാം ടേം പരീക്ഷയുടെ മുഴുവൻ മാർക്കും സമ്പൂർണ്ണ പോർട്ടലിൽ അധ്യാപകർ അപ്‌ലോഡ് ചെയ്യുകയും അത് കൈറ്റും എസ്.സി.ഇ.ആർ.ടി യും ചേർന്ന് വിശദമായ വിശകലനം നടത്തുകയുമുണ്ടായി. സ്‌കൂൾതല സ്‌കൂൾതല വിവരങ്ങളും, പഞ്ചായത്ത്, ജില്ലാതല വിവരങ്ങളും തരംതിരിച്ചുള്ള പഠനമാണ് നടന്നത്. വാർഷിക പരീക്ഷയിലും ഈ കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് പഠന പിന്തുണ വേണ്ട കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.
1. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിഷയങ്ങളിൽ ഓൺലൈൻ ചോദ്യബാങ്ക് നിർമ്മിക്കും. ഇതിനെ
ഓട്ടോ മാറ്റിക്ക് ചോദ്യപേപ്പർ നിർമ്മാണത്തിനായുള്ള ഒന്നാക്കി മാറ്റും.
2. ചില വിഷയങ്ങളിൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി തലത്തിലെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ പരീക്ഷകളുടെ സാധ്യത പരിശോധിക്കും. നിലവിൽ ഐ.ടി. പരീക്ഷകളും, ഹയർ സെക്കണ്ടറി ഗണിതശാസ്ത്ര പ്രാക്ടിക്കൽ പരീക്ഷകളും നടന്നു വരുന്നുണ്ട്.
3. നിരന്തര മൂല്യനിർണയത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുവേണ്ടി നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്തും.
രണ്ടായിരത്തി ഒമ്പതിലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം 4 ലെ വ്യവസ്ഥകൾ അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷയോ ക്യാപ്പിറ്റേഷൻ ഫീസോ വാങ്ങുന്നത് ശിക്ഷാർഹമായ നടപടിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സെക്ഷൻ പതിമൂന്നിൽ ഒന്നിൽ എ, ബി ക്ലോസ്സുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
ഈ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.