കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിൽ. ഇ.ഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്, ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ ആയുർവേദ കേന്ദ്രത്തിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. വൈകീട്ട് 3.20ന് കൊച്ചിയിലെത്തിച്ച ശിവശങ്കറെ ആറര മണിക്കൂർ ചോദ്യം ചെയ്ത ശേഷം രാത്രി 10 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നീ കുറ്റങ്ങളാണ് ശിവശങ്കറിനുമേൽ ചുമത്തിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം ശിവശങ്കറിനെ രാത്രി 10.45ഓടെ വൈദ്യപരിശോധനക്ക് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനുശേഷം ഇ.ഡി ഓഫിസിൽതന്നെ കൊണ്ടുവന്ന് രാത്രി താമസിപ്പിച്ചു. വ്യാഴാഴ്ച രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.
ഹൈകോടതി മുൻകൂർ ജാമ്യം തള്ളി അഞ്ചുമിനിറ്റിനകം ആശുപത്രിയിലെത്തി ഇ.ഡി സംഘം കസ്റ്റഡിയിലെടുത്ത് കനത്ത സുരക്ഷയിൽ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ഇ.ഡി സംഘം ശിവശങ്കറുമായി കൊച്ചിയിലെ ഓഫിസിൽ വന്നതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിന് എത്തി. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ശിവശങ്കർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നിർണായക അറസ്റ്റ്. ശിവശങ്കറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും. വിദേശേത്തക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.