ഉരുളിൽ തോൽക്കാത്തവർക്ക് ഇവിടെ വീടുകളുയരും; പുനരധിവാസ ഭൂമി സർക്കാർ ഏറ്റെടുത്തു

മുണ്ടക്കൈ ഉരുൾദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ് പദ്ധതി വരുന്ന കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ കാട് തറക്കല്ലിടൽ ചടങ്ങിനുമുമ്പായി വൃത്തിയാക്കുന്നു

ഉരുളിൽ തോൽക്കാത്തവർക്ക് ഇവിടെ വീടുകളുയരും; പുനരധിവാസ ഭൂമി സർക്കാർ ഏറ്റെടുത്തു

കൽപറ്റ: രണ്ട് ദേശങ്ങളെ പൂർണമായി തുടച്ചുനീക്കി ആർത്തലച്ചുവന്ന ഉരുൾപൊട്ടലിനെ അതിജയിച്ചവർക്ക് ഇനി കൽപറ്റയിൽ വീടുകളുയരും. അതിജീവിതരുടെ പുനരധിവാസത്തിന് കൽപറ്റ ബൈപാസിനടുത്തുള്ള എൽസ്റ്റൺ എസ്റ്റേറ്റിലാണ് ടൗൺഷിപ് നിർമിക്കുക. ടൗൺഷിപ്പിന്റെ തറക്കല്ലിടൽ വ്യാഴാഴ്ച വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

തിങ്കളാഴ്ച ഹൈകോടതി അനുമതി ലഭിച്ച ഉടൻ തന്നെ ഇതിനുള്ള 64.47 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. 2005ലെ ദുരന്ത നിവാരണ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുത്തുവെന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയുടെ നോട്ടീസ് എസ്റ്റേറ്റിന്റെ പുൽപാറയിലെ ഓഫിസിൽ പതിച്ചു. തുക പോരെന്ന് കാണിച്ച് മാനേജ്മെന്റ് ഹരജി നൽകിയിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാമെന്ന് തിങ്കളാഴ്ച രാവിലെയാണ് ഹൈകോടതി ഉത്തരവിറക്കിയത്. ഇത് കിട്ടിയ ഉടൻ ട്രഷറിയിൽ നിന്ന് 26 കോടി രൂപ കോടതിയിൽ കെട്ടിവെച്ചതായും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി പ്രാഥമിക നടപടികൾ തുടങ്ങിയതായും ജില്ല കലക്ടർ പറഞ്ഞു.

ടൗണ്‍ഷിപ്പില്‍ ഏഴു സെന്റിൽ 1000 ചതുരശ്ര അടിയിലുള്ള ഒറ്റ നില വീടാണ് ഒരു കുടുംബത്തിന് നിർമിക്കുക. വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ല. പാരമ്പര്യ കൈമാറ്റമാകാം. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലായിരിക്കും ഉടമസ്ഥത. കുട്ടികളാണെങ്കില്‍ പ്രായപൂര്‍ത്തിയായ ശേഷം ഉടമസ്ഥാവകാശം സ്വന്തം പേരിലാകും. പുനരധിവാസത്തിനുള്ള അന്തിമ ഗുണഭോക്തൃ പട്ടികയിൽ 402 കുടുംബങ്ങളാണുള്ളത്.ആദ്യ പട്ടികയിലെ 242 പേരിൽ 170 പേരാണ് ടൗൺഷിപ്പിൽ വീടിന് സമ്മതപത്രം നൽകിയത്. 65 പേർ 15 ലക്ഷം സാമ്പത്തികസഹായം മതിയെന്നാണ് തീരുമാനിച്ചത്. ഇവർക്ക് സന്നദ്ധസംഘടനകൾ വീടുവെച്ച് നൽകിയാലും ഈ തുക സർക്കാർ നൽകും. അതേസമയം, ‘ഗോ സോൺ’ മേഖലയിലുള്ള, എന്നാൽ തുടർവാസം സാധ്യമല്ലാത്ത ഇടങ്ങളിലെ നിരവധി കുടുംബങ്ങൾ അന്തിമ പട്ടികയിൽ പുറത്താണ്.

Tags:    
News Summary - Government acquires rehabilitation land; Township foundation stone laying Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.