തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സർക്കാർ സ്ഥാപനത്തിൽ നിയമിച്ച വകയിൽ നൽകിയ ശമ്പളം തിരിച്ചുപിടിക്കാനാകാതെ സർക്കാർ. ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്നക്ക് ജൂനിയർ കൺസൾട്ടന്റായി ജോലി നൽകിയ ശമ്പളം റിക്രൂട്ടിങ് ഏജൻസിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽനിന്ന് (പി.ഡബ്ല്യു.സി) തിരിച്ചുപിടിക്കാനാകാതെയാണ് സർക്കാർ വലയുന്നത്. നിയമനടപടികൾ സ്വീകരിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും എങ്ങുമെത്തിയില്ല. നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന നിലയിലുള്ള സ്വപ്നയുടെയും എം. ശിവശങ്കറിന്‍റെയും വാട്സ്ആപ് ചാറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പി.ഡബ്ല്യു.സിയാണ് സ്വപ്നയെ ജോലിക്കായി നിർദേശിച്ചത്. എം. ശിവശങ്കറിന്‍റെ ഇടപെടൽ ഇതിലുണ്ടായെന്ന വെളിപ്പെടുത്തലും ഏജൻസി വൃത്തങ്ങൾ നടത്തിയിരുന്നു. എന്നാൽ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സ്വപ്നക്ക് നൽകിയ തുക പി.ഡബ്ല്യു.സിയിൽനിന്ന് തിരിച്ചുപിടിക്കാൻ നീക്കം നടത്തിയെങ്കിലും അവർ തയാറായില്ല.
പി.ഡബ്ല്യു.സി പണം നൽകിയില്ലെങ്കിൽ അന്നത്തെ ഐ.ടി സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എൽ) ചെയർമാനുമായിരുന്ന എം. ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്ന് തുക ഈടാക്കണമെന്നായിരുന്നു ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്.
എന്നാൽ, ശിവശങ്കർ കഴിഞ്ഞമാസം സർവിസിൽനിന്ന് വിരമിക്കുകയും ലൈഫ് ക്രമക്കേടിൽ അറസ്റ്റിലാവുകയും ചെയ്തു. സ്വപ്ന സുരേഷിന്‍റെ നിയമന വിവാദങ്ങളെ തുടർന്ന് പി.ഡബ്ല്യു.സിയെ സർക്കാർ കരാറുകളിൽനിന്ന് വിലക്കി. ഇതിനെതിരെ കോടതിയിൽ കേസുണ്ട്.
അതിനാൽ സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കുന്ന നിയമനടപടികൾ ഈ കേസിന്റെ ഭാഗവുമായി. ഈ സാഹചര്യത്തിൽ കെ-ഫോൺ പദ്ധതിക്കായി പി.ഡബ്ല്യു.സിക്ക് നൽകാനുള്ള ഒരുകോടി രൂപ നൽകേണ്ടതില്ലെന്നാണ് തീരുമാനം.
19,06,730 രൂപയാണ് ഐ.ടി വകുപ്പ് സ്വപ്നയുടെ ശമ്പളമായി പി.ഡബ്ല്യു.സിക്ക് അനുവദിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതോടെ ജി.എസ്.ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പി.ഡബ്ല്യു.സിയിൽനിന്ന് ഈടാക്കാനായിരുന്നു ശിപാർശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.