തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കാറ്റിൽ പറത്തി സി.പി.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17നാണ് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ വ്യവസായ വകുപ്പിന്റെ അനുമതി.
ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗത്തിന്റെ അനുമതി വ്യവസായ മന്ത്രി പി. രാജീവാണ് ലഭ്യമാക്കിയത്. രാഷ്ട്രീയ പ്രതിയോഗികളിൽ നിന്നുൾപ്പെടെ ഭീഷണി നിലനിൽക്കുന്നതിനാലാണ് ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നതെന്നാണ് വിശദീകരണം.
സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ധനകാര്യ വകുപ്പ് നേരത്തെ തന്നെ തടയിട്ടിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചായിരുന്നു ഇത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് പിന്നാലെ പുതിയ വാഹനങ്ങൾ വാങ്ങുന്നതുൾപ്പെടെ ഈ മാസം 9ന് ധനവകുപ്പ് ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി ഉത്തരവിറക്കുകയും ചെയ്തിരുന്നു.
എന്നാൽ, പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന ഉത്തരവിറക്കിയ നവംബർ നാലിന് ശേഷം രണ്ട് കോടിയിലധികം രൂപയാണ് കാർ വാങ്ങാൻ അനുവദിച്ചത്. ജഡ്ജിമാർക്ക് കാർ വാങ്ങാനും കഴിഞ്ഞ മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്. കാർ വാങ്ങരുതെന്ന ഉത്തരവിന് ശേഷം മന്ത്രി റോഷി അഗസ്റ്റിൻ- 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ), മന്ത്രി വി.എൻ വാസവൻ - 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ), മന്ത്രി വി. അബ്ദുറഹിമാൻ - 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ), മന്ത്രി ജി. ആർ. അനിൽ - 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ), ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് - 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ), പി. ജയരാജൻ - 35 ലക്ഷം (ബുള്ളറ്റ് പ്രൂഫ്) കാറുകൾ വാങ്ങാനാണ് അനുമതി നൽകിയിട്ടുള്ളത്. അതിന് പുറമെ പല ഉദ്യോഗസ്ഥ പ്രമുഖർക്കും പഴയ കാറുകൾ മാറ്റി പുതിയത് വാങ്ങാനുള്ള തുകയും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.