കൊച്ചി: കേരളത്തിലെ ട്രഷറികളിൽനിന്ന് ജീവനക്കാർ അപഹരിച്ചത് 97,71,274 രൂപ. ജില്ല ട്രഷറികൾ, സബ് ട്രഷറികൾ തുടങ്ങിയ 11 സ്ഥാപനങ്ങളിൽ എട്ട് വർഷത്തിനിടെ നടന്ന തട്ടിപ്പിന്റെ കണക്കാണിത്. ഇതിൽ 26,64,136 രൂപ തിരികെ ഈടാക്കിയിട്ടുണ്ട്. 71,07,138 രൂപ തിരികെ ഈടാക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്നും ട്രഷറി ഡയറക്ടറേറ്റ് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയവരിൽനിന്ന് പലിശയിനത്തിൽ 5,49,403 രൂപ ഈടാക്കിയതായും മറുപടിയിലുണ്ട്. 2020 ആഗസ്റ്റിൽ വഞ്ചിയൂർ ട്രഷറിയിൽനിന്ന് ജീവനക്കാരൻ 43,49,282 രൂപ തട്ടിയെടുത്തിരുന്നു. ഇയാളെ പിന്നീട് സർവിസിൽനിന്ന് പിരിച്ചുവിട്ടു. എന്നാൽ, ഇയാളിൽനിന്ന് ഈ തുക ഈടാക്കാൻ കഴിഞ്ഞിട്ടില്ല. കേസ് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ വിഭാഗം അന്വേഷിക്കുകയാണെന്നും നടപടി പുരോഗമിക്കുകയാണെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവം നടന്ന് നാലുവർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. ട്രഷറികളിൽ അവകാശികളില്ലാത്ത എത്ര പണമുണ്ടെന്ന ചോദ്യത്തിന്, ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് മറുപടി.
കാട്ടാക്കട ജില്ല ട്രഷറി -3.54 ലക്ഷം, കൊടുവള്ളി സബ് ട്രഷറി -36,000, ചങ്ങരംകുളം സബ്ട്രഷറി- 51,656, ചേലക്കര സബ് ട്രഷറി-1.4 ലക്ഷം, വഞ്ചിയൂർ സബ് ട്രഷറി- 43.49 ലക്ഷം, കണ്ണൂർ ജില്ല ട്രഷറി- 7.85 ലക്ഷം, കരുവാരക്കുണ്ട് സബ് ട്രഷറി- 2.88 ലക്ഷം, നെയ്യാറ്റിൻകര പെൻഷൻ പേമെന്റെ് സബ് ട്രഷറി- 2.43 ലക്ഷം, ശാസ്താംകോട്ട സബ് ട്രഷറി 12 ലക്ഷം, പത്തനംതിട്ട ജില്ല ട്രഷറി- 8.13 ലക്ഷം, കഴക്കൂട്ടം സബ് ട്രഷറി- 15.10 ലക്ഷം എന്നിങ്ങനെയാണ് ജീവനക്കാരാൽ അപഹരിക്കപ്പെട്ട പണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.