തൃശൂർ: സംസ്ഥാന സർക്കാറിന്‍റെ മുൻനിര പദ്ധതിയായ 'ഫിലമെന്‍റ് രഹിത കേരള'ത്തിന് ആഘാതമായെത്തിയ കോടികളുടെ ജി.എസ്.ടി വർധന കെ.എസ്.ഇ.ബിയുടെ തലയിലിട്ട് സംസ്ഥാന സർക്കാർ തടിയൂരി. സംസ്ഥാനത്തെ മുഴുവൻ ഫിലമെന്‍റ് ബൾബുകളും ഒഴിവാക്കി പകരം എൽ.ഇ.ഡി വിളക്കുകൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട കേരള ഊർജമിഷന്‍റെ പദ്ധതിയാണ് 'ഫിലമെന്‍റ് രഹിത കേരളം'. ഫിലമെന്‍റ് ബൾബുകൾ മാറ്റി പകരം എൽ.ഇ.ഡി ബൾബുകൾ 65 രൂപക്ക് നൽകാനുദ്ദേശിച്ച പദ്ധതിയിൽ ഒരു കോടിയിലേറെ എൽ.ഇ.ഡികൾക്കായി ജനങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. 2021 ജനുവരി ഏഴിന് ഉദ്ഘാടനം കഴിഞ്ഞ പദ്ധതിയിൽ ഭാഗികമായി എൽ.ഇ.ഡി വിതരണം പൂർത്തിയാക്കി രണ്ടാംഘട്ട എൽ.ഇ.ഡി വാങ്ങലിന് നടപടിയൊരുങ്ങവേയാണ് കേന്ദ്രം ജി.എസ്.ടി വർധിപ്പിച്ചത്. എൽ.ഇ.ഡി ഒന്നിന് ആറ് രൂപ ഉണ്ടായിരുന്ന ജി.എസ്.ടി ഇതോടെ ഒമ്പതായി. ഈ വർധന ഉപഭോക്താവിൽ അടിച്ചേൽപിക്കേണ്ട എന്ന തീരുമാനമെടുത്ത് സർക്കാർ കെ.എസ്.ഇ.ബിയെ അറിയിച്ചു. ആഗസ്റ്റ് ഒന്നിന് നടന്ന കെ.എസ്.ഇ.ബി.എൽ മുഴുവൻ ഡയറക്ടർമാരുടെയും യോഗം തീരുമാനത്തിന് അംഗീകാരവും നൽകി.
ഹാൻഡ്‌ലിങ് ചാർജുകൾ, ഡിസ്പോസൽ ചാർജുകൾ, ഫ്ലഡ് സെസ്, ജി.എസ്.ടി അടക്കമാണ് ഒരു എൽ.ഇ.ഡിക്ക് 65 രൂപ ഈടാക്കുന്നത്. ഫിലമെന്‍റ് ബൾബ് വാങ്ങിവെക്കുക, ഇവ സംസ്കരിക്കുക തുടങ്ങിയ ഹാൻഡ്ലിങ് ചാർജായി 10 രൂപയാണ് കെ.എസ്.ഇ.ബിക്ക്‍ ലഭിക്കുക. ജി.എസ്.ടി ഇനത്തിൽ മൂന്നുരൂപ വർധിച്ചതോടെ കെ.എസ്.ഇ.ബിക്ക് നൽകേണ്ട 10 രൂപ ഏഴു രൂപയായി വെട്ടിച്ചുരുക്കി. ഇതോടെ കോടികളാണ് കെ.എസ്.ഇ.ബിക്ക് നഷ്ടപ്പെടുക. 50 ലക്ഷം എൽ.ഇ.ഡികൾ ഇനിയും വാങ്ങാനിരിക്കേയാണ് സാമ്പത്തിക പ്രതിസന്ധിയേറെയുള്ള ബോർഡിന് ഈ കനത്ത ആഘാതംകൂടി പേറേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.